
ഗുവാഹത്തി: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായുള്ള നിര്‍ണ്ണായക മത്സരത്തില്‍ വിജയവുമായി കേരളാ ബ്ലാസ്‌റ്റേഴ്‌സ്. എതിരില്ലാത്ത് ഒരു ഗോളിനായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം. 28ാം മിനുറ്റില്‍ വെസ്റ്റ് ബ്രൗണ്‍ ആണ് കേരളത്തിനായി ഗോള്‍ നേടിയത്. ജാക്കിചന്ദ് സിങ് ഉയര്‍ത്തിവിട്ട പന്തില്‍ തലവച്ച ബ്രൗണ്‍ നോര്‍ത്ത് ഈസ്റ്റ് ഗോള്‍കീപ്പര്‍ ടി.പി. രഹനേഷിനെ കീഴടക്കുകയായിരുന്നു. പലപ്പോഴായി ഇരുടീമുകള്‍ക്കും അനവധി ഗോള്‍ അവസരങ്ങള്‍ ലഭിച്ചെങ്കിലും അതെല്ലാം ലക്ഷ്യത്തിലാക്കാന്‍ താരങ്ങള്‍ക്ക് സാധിച്ചില്ല.

വിജയത്തോടെ പ്ലേ ഓഫ് സാധ്യതകളോേട് അടുക്കാനും കേരളത്തിന് സാധിച്ചു. നിലവില്‍ പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് കേരളം. സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ ആറാം വിജയമാണിത്. 14 മല്‍സരങ്ങളില്‍നിന്ന് 25 പോയിന്റുള്ള ജംഷഡ്പുര്‍ എഫ്സി ബ്ലാസ്റ്റേഴ്സിനു തൊട്ടുമുന്നിലുണ്ട്. ഇനിയുള്ള മല്‍സരങ്ങളില്‍ ജംഷഡ്പുരിന്റെ പ്രകടനവും ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തില്‍ നിര്‍ണായകമാകും.
