
ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്തു ജവഹർലാൽ നെഹ്‌റു സർവകലാശാല അധികൃതർ. ഇതുസംബന്ധിച്ച് കരടു രേഖ തയ്യാറാക്കി. നിയന്ത്രണങ്ങൾ പാലിക്കാത്ത വിദ്യാർത്ഥികളെ പുറത്താക്കുകയോ ബിരുദം തടഞ്ഞു വയ്ക്കുകയോ ചെയ്യണമെന്ന് കരട് നിയമത്തിൽ പറയുന്നു. യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച് പുതിയ നിയമാവലി പ്രകാരം വിദ്യാർത്ഥികൾ രാത്രി 11.30നുള്ളിൽ ഹോസ്റ്റലിലെത്തണം.
വായനശാലകളിൽ പോകുന്ന വിദ്യാർത്ഥികൾ വായനശാല അടച്ച് അര മണിക്കൂറിനുള്ളിൽ ഹോസ്റ്റലിലെത്തണം. ബി.ആർ. അബേദ്ക്കർ സെൻട്രൽ ലൈബ്രറി രാത്രി 12 വരെ തുറന്ന് പ്രവർത്തിക്കും. നിരാഹാര സമരത്തിൽ പങ്കെടുക്കാൻ പാടില്ല, ധർണ നടത്തരുത് തുടങ്ങിയ നിയന്ത്രണങ്ങളും നിയമാവലിയിലുണ്ട്. ജെ.എൻ.യുവിനെ റെസിഡന്റ് കാമ്പസ് എന്ന പദവിയിൽ നിന്ന് ഒഴിവാക്കി.

അതിനാൽ വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യം അവകാശപ്പെടാനാകില്ല. ഹോസ്റ്റൽ നിയമങ്ങൾ പാലിക്കാത്തവരിൽ നിന്നും പിഴ ഈടാക്കുകയോ ഹോസ്റ്റലിൽ നിന്നും പുറത്താക്കുകയോ മാത്രമാണ് ഇതുവരെ ചെയ്തിരുന്നത്. കരട് നിയമം വിദ്യാർത്ഥികളെ നിയന്ത്രിക്കാനും നിരീക്ഷിക്കാനുമുള്ള ഗൂഡാലോചനയുടെ ഭാഗമായാണെന്നു ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ ആരോപിച്ചു. യൂണിവേഴ്‌സിറ്റി അധികൃതർ ബി.ജെ.പി സർക്കാറിന്‍റെ നിർദ്ദേശപ്രകാരമാണ് പ്രവർത്തിക്കുന്നത്.
യൂണിവേഴ്‌സിറ്റി എന്നത് പഠിക്കാനുള്ളതല്ല മറിച്ച് അവരുടെ ആശയം പ്രചരിപ്പിക്കാനുള്ള ഒന്നായാണ് ബി.ജെ.പി കരുതുന്നത്. ഇതിനാലാണ് ഹോസ്റ്റലുകൾക്ക് സമയക്രമവും കേട്ടുകേൾവിയില്ലാത്ത ശിക്ഷാനടപടികളും നടപ്പിലാക്കുന്നതെന്ന് യൂണിയൻ പറഞ്ഞു. ഇത് ജനാധിപത്യ അവകാശങ്ങൾക്ക് നേരെയുള്ള കടുത്ത ആക്രമണമാണ്. ജെ.എൻ.യുവിനെ ജയിലാക്കി മാറ്റാനാണ് ശ്രമിക്കുന്നത്. അല്ലെങ്കിൽ ആർ.എസ്.എസ് ശാഖയാക്കി മാറ്റുകയാണ് അവരുടെ ലക്ഷ്യം. തങ്ങളുടെ അടിസ്ഥാന അവകാശങ്ങൾ പോലും ലംഘിക്കപ്പെടുകയാണെന്നും യൂണിയൻ പറഞ്ഞു.
