
തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവിന്റെ കസ്റ്റഡി മരണം സംബന്ധിച്ച അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാരം കിടക്കുന്ന സഹോദരന്‍ ശ്രീജിത്തിനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കാണാനെത്തി. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പോകാന്‍ നിയമസഹായം വാഗ്ദാനം ചെയ്തായിരുന്നു ചെന്നിത്തല എത്തിയത്.

ശ്രീജിത്തുമായി സംസാരിച്ചുകൊണ്ടിരിക്കെ, സുഹൃത്തെന്ന് പരിചയപ്പെടുത്തി ആള്‍ ചോദിക്കുന്ന കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വയറലാവുകയാണ്. ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കെയാണ് സംഭവം നടന്നതെന്ന് പറയുന്ന സുഹൃത്ത് സെക്രട്ടറിയറ്റ് പടിക്കല്‍ നിരാഹാരം കിടന്നാല്‍ പൊടിയടിക്കുമെന്നും കൊതുക് കടിക്കുമെന്നും ചെന്നിത്തല മന്ത്രിയായിരിക്കെ ഉപദേശിച്ചിരുന്നതായി ആരോപിക്കുന്നു. ചെന്നിത്തലയെ ചെന്നു കണ്ടപ്പോഴായിരുന്നു ഇങ്ങനെ പറഞ്ഞതെന്നും സുഹൃത്ത് പറയുന്നു. താനും അന്നു ഒപ്പമുണ്ടായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.
764 ദിവസമായി ശ്രീജിത്ത് നിരാഹാരം കിടക്കുകയാണിവിടെ. 2014-ല്‍ മുമ്പു ലോക്കപ്പ് മര്‍ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട തന്റെ സഹോദരന്‍ ശ്രീജിവിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടാണ് നിരാഹാരം കിടക്കുന്നത്. എന്നാല്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തതിനെ തുടര്‍ന്ന് വിഷയം ചര്‍ച്ചയായി മാറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ജൂണില്‍ സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാല്‍ സി.ബി.ഐ അന്വേഷണം നടത്താനാകില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം കേരളത്തിന് കത്തയച്ചിട്ടുണ്ട്.
https://www.youtube.com/watch?v=5vg-DFDBCIo
