നിരവധി സ്വാമിമാരെ കാണാതായതിന്റെയും ദുരൂഹമരണങ്ങളുടെയും പിന്നാമ്പുറക്കഥകൾ; ബാബാ രാംദേവിന്റെ ഭൂതകാലം വെളിപ്പെടുത്തിയ പുസ്തകം നിരോധിക്കാന്‍ നീക്കം

  • Post category:news
  • Reading time:1 min read
You are currently viewing നിരവധി സ്വാമിമാരെ കാണാതായതിന്റെയും ദുരൂഹമരണങ്ങളുടെയും പിന്നാമ്പുറക്കഥകൾ; ബാബാ രാംദേവിന്റെ ഭൂതകാലം വെളിപ്പെടുത്തിയ പുസ്തകം നിരോധിക്കാന്‍ നീക്കം

ന്യൂഡൽഹി: ശതകോടികളുടെ വിറ്റുവരവുള്ള പതഞ്ജലി വ്യവസായ സാമ്രാജ്യത്തിന്റെ വളര്‍ച്ചയിലും മുഖ്യ പങ്കുവഹിച്ചവരെയെല്ലാം ബാബ രാംദേവ് ഇല്ലായ്മ ചെയ്തതിന്റെ കഥകൾ വെളിപ്പെടുത്തുന്ന ഭൂതകാലം നിറഞ്ഞ പുസ്തകം നിരോധിക്കാൻ നീക്കം. മാധ്യമപ്രവര്‍ത്തകയായ പ്രിയങ്ക പതക് നരൈന്‍ രചിച്ച ‘ഗോഡ്മാന്‍ ടു ടൈക്കൂണ്‍- ദ അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് ബാബ രാംദേവ്’ എന്ന പുസ്തകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബാബയും അണികളുടെ കോടതിയെ സമീപിച്ചിരിക്കുന്നത്.

പ്രഭാത സവാരിക്കിടെ പെട്ടെന്ന് കാണാതായ സ്വാമി ശങ്കര്‍ ദേവിനെക്കുറിച്ചാണ് പുസ്തകത്തില്‍ ആദ്യം പറയുന്നത്. ബാബ രാംദേവിന്റെ ദിവ്യ മന്ദിര്‍ ട്രസ്റ്റിന് കോടികള്‍ വിലയുള്ള ഭൂമി സംഭാവന ചെയ്തത് ബാബയുമായി അടുപ്പം പുലര്‍ത്തിയിരുന്ന ഈ ശങ്കര്‍ ദേവായിരുന്നു. സ്വാമി യോഗാനന്ദിന്റെ കൊലപാതകവും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നു. രാംദേവിന്റെ അടുത്ത സുഹൃത്തും ആയുര്‍വേദ രംഗത്ത് പ്രശസ്തനുമായിരുന്നു യോഗാനന്ദ്. ഇദ്ദേഹത്തിന്റെ പേരിലായിരുന്നു രാംദേവ് വിപണയിലിറക്കിയ ആയുര്‍വേദ ഉല്‍പ്പന്നങ്ങളുടെ ലൈസന്‍സ്.

രാംദേവിന്റെ സ്വദേശി മിഷന് നേതൃത്വം നല്‍കിയിരുന്ന രാജീവ് ദീക്ഷിത് എന്നയാളുടെ മരണവും ദുരൂഹമായിരുന്നു. ബാബ കൂടി പങ്കെടുത്ത ഒരു പരിപാടിയ്ക്കിടെ വാഷ്‌റൂമില്‍ രാജീവിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമെന്ന് ആദ്യം പുറത്ത് പറഞ്ഞെങ്കിലും രാജീവിന്റെ മൃതദേഹത്തില്‍ നിറമാറ്റം കണ്ടുതുടങ്ങിയതോടെ അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ പോസ്റ്റ്‌മോര്‍ട്ടം ആവശ്യപ്പെട്ടു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താതെ ഉടനടി ഹിന്ദു ആചാരപ്രകാരം മൃതദേഹം ദഹിപ്പിക്കുകയായിരുന്നു. എന്നാല്‍ ഈ സംഭവങ്ങളിലൊന്നും ഒരു അന്വേഷണം നടന്നില്ല. ബാബയുടെ സ്വാധീനത്താല്‍ എല്ലാ കേസുകളും തേഞ്ഞു മാഞ്ഞ് പോവുകയായിരുന്നുവെന്ന് പുസ്തകത്തില്‍ പറയുന്നു.

0Shares