ജമ്മുകാശ്മീര്‍: ജമ്മുകാശ്മീരിലെ ബക്രി നിയന്ത്രണ രേഖയ്ക്ക് സമീപത്ത് രാജൗറിയില്‍ പാകിസ്ഥാന്റെ പ്രകോപനം. ഞായറാഴ്ച്ച രാവിലെയാണ് യാതൊരു പ്രകോപനവുമില്ലാതെ പാകിസ്ഥാന്‍ വെടിവെപ്പും ഷെല്ലാക്രമണവും നടത്തിയത്. നാല് ദിവസത്തിനുള്ളില്‍ നാലാമത്തെ വെടിനിര്‍ത്തല്‍ ലംഘനമാണ് പാകിസ്ഥാന്‍ നടത്തുന്നത്. രാവിലെ 6.45 ഓടെയാണ് അതിര്‍ത്തിയിലെ ഏഴ് ഗ്രാമങ്ങള്‍ ലക്ഷ്യംവെച്ച് പാക് സൈന്യത്തിന്റെ ആക്രമണമുണ്ടായത്. മേഖലയില്‍നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. ഇന്നലെയുണ്ടായ ആക്രണമണത്തില്‍ ഒരു പെണ്‍കുട്ടിയടക്കം രണ്ടുപേര്‍ കൊല്ലപ്പെടുകയും ഒമ്പതു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരില്‍ നാല് സൈനികരും ഉള്‍പ്പെടുന്നു.

തുടരെ തുടരെ പാകിസ്ഥാന്‍ സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതിന് തക്ക തിരിച്ചടി നല്‍കാനിരിക്കുകയാണ് ഇന്ത്യന്‍ സേന. ആക്രമണങ്ങള്‍ അഴിച്ചു വിട്ട് ഇന്ത്യന്‍ ജവാന്മാരുടെ മൃതദേഹം വികൃതമാക്കുന്ന പാക് സൈന്യത്തിന് വമ്പന്‍ തിരിച്ചടിയാണ് ഇന്ത്യ നല്‍കാനിരിക്കുന്നത്. അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന ബി.എസ്.എഫ് ജവാന്മാരുടെ നേര്‍ക്ക് അപ്രതീക്ഷിത ആക്രമണം നടത്തിയാണ് പാകിസ്ഥാന്‍ വെടി നിര്‍ത്തലല്‍ കരാര്‍ ലംഘിച്ചത്. ഇന്ത്യ തിരിച്ചടി നടത്തുന്നുണ്ടെങ്കിലും അതൊന്നും വകവയ്ക്കാതെയാണ് വീണ്ടും പാകിസ്ഥാന്റെ ആക്രമണം. ഇതോടെയാണ് പാകിസ്ഥാന് വലിയ രീതിയില്‍ പ്രത്യാഘാതം നല്‍കാന്‍ ഇന്ത്യന്‍ സേന തീരുമാനിച്ചത്.