
കൊച്ചി: കെ.എസ്.ആർ.ടി.സിയിലെ മുഴുവൻ എം.പാനൽ ഡ്രൈവർമാരെയും പിരിച്ചു വിടണമെന്ന് ഹൈക്കോടതി. താൽക്കാലിക ജീവനക്കാരായ1565 ഡ്രൈവർമാരെ പിരിച്ചു വിടണമെന്നാണ് ഹൈക്കോടതി ഉത്തരവ്. എം.പാനൽ ഡ്രൈവർമാരുടെ നിയമനം സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് നിരീക്ഷിച്ചാണ് കോടതി നിർദേശം. ഈ മാസം 30നകം ഡ്രൈവർമാരെ ജോലിയിൽ നിന്ന് പിരിച്ചു വിടണമെന്നാണ് ഉത്തരവ്.

താൽക്കാലിക ഡ്രൈവർമാരുടെ നിയമനം തടയണമെന്ന ഹർജി നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് നിരസിച്ചിരുന്നു. ഇതിനെതിരെ വീണ്ടും നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിൻെറ വിധി. ജസ്റ്റിസ് ബി. ചിദംബരേഷ്, എ.എം ബാബു എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. ഇതേ ബെഞ്ച് തന്നെയാണ് മുൻപ് എംപാനൽ കണ്ടക്ടർമാരെ പിരിച്ചു വിടാനും ഉത്തരവിട്ടത്.
2012 ആഗസ്ത് 23ന് നിലവിൽ വന്ന പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ചേർത്തല സ്വദേശി ആർ. വേണുഗോപാലുൾപ്പെടെ നാലു പേരാണ് റിസർവ് ഡ്രൈവർ തസ്തികയിലെ ഒഴിവുകൾ കെ.എസ്.ആർ.ടി.സി പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടി ഹരജിയുമായി കോടതിയെ സമീപിച്ചത്.
