കോഴിക്കോട്: നിപ്പാ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച രണ്ടു പേര്‍ കൂടി മരിച്ചു. മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കൂരാച്ചുണ്ട് സ്വദേശി രാജനും, നാദാപുരം സ്വദേശി അശോകനുമാണ് മരിച്ചത്. രാജന് രോഗം പടര്‍ന്നത് പേരാമ്പ്ര ആശുപത്രിയില്‍ നിന്നാണെന്നാണ് സൂചന. രാജന്റെ രക്ത സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ബന്ധുക്കളുടെ അനുമതിയോടെ ഉടന്‍ മൃതദേഹങ്ങള്‍ ആശുപത്രിവളപ്പില്‍ സംസ്‌കരിക്കും.ഇതോടെ നിപാ വൈറസ് രോഗ ലക്ഷണങ്ങളോടെ മരിച്ചവരുടെ എണ്ണം 12 ആയി. ഇവരില്‍ നാല് പേര്‍ക്ക് മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിപ്പ ലക്ഷണങ്ങളോടെ രണ്ട് നഴ്‌സുമാരടക്കം ഒന്‍പത് പേരാണ് ചികില്‍സയിലുളളത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. വൈറസ് സംബന്ധിച്ച ആശങ്ക പരക്കുന്നതിനിടെ സ്ഥിതി വിലയിരുത്താന്‍ മറ്റൊരു കേന്ദ്ര മെഡിക്കല്‍ സംഘം ഇന്ന് കോഴിക്കോട് പരിശോധന നടത്തും. നാല് പേരടങ്ങുന്ന വിദഗ്ദ സംഘം ചങ്ങരോത്ത് മരണം നടന്ന വീടും പരിസര പ്രദേശങ്ങളും സന്ദര്‍ശിക്കുമെന്നാണ് വിവരം. കേന്ദ്ര വെറ്റിനറി മെഡിക്കല്‍ സംഘവും സ്ഥലത്ത് എത്തുന്നുണ്ട്.
വൈറസ് ബാധിച്ച മറ്റൊരാള്‍ ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നേരത്തെ മരിച്ച സാലിഹിന്റെയും സാബിത്തിന്റെയും അച്ഛന്‍ വളച്ചുകെട്ടി വീട്ടില്‍ മൂസ ആണ് ചികിത്സയിലുള്ളത്. വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും എല്ലാവരും കിണറുകള്‍ വൃത്തിയായി മൂടണമെന്നും സംഘത്തിലെ വിദഗ്ദ്ധര്‍ നിര്‍ദേശിച്ചു. പ്രതിരോധശേഷി കൂടിയ വ്യക്തികളെ നിപ വൈറസ് ബാധിക്കില്ലെന്നും ഇന്ത്യയില്‍ ഇത് മൂന്നാം തവണയാണ് നിപ വൈറസിന്റെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും അവര്‍ അറിയിച്ചു. വായുവിലൂടെ നിപ വൈറസ് പകരാന്‍ സാധ്യതയുണ്ട്. എന്നാല്‍ മറ്റു വൈറസുകളെ പോലെ കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ നിപ വൈറസിന് സാധിക്കില്ല. പ്രതിരോധത്തിനായി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ കേന്ദ്രസംഘം തൃപ്തി അറിയിച്ചു. നിപ വൈറസ് പ്രതിരോധത്തിനായി ആവശ്യമെങ്കില്‍ ലോകാരോഗ്യസംഘടനയുടെ സേവനം തേടുമെന്ന് എക്സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണനും അറിയിച്ചു.
നിപ വൈറസ് ബാധ; കോഴിക്കോട് രണ്ടുപേര്‍ കൂടി മരിച്ചു; കേന്ദ്ര സംഘം വീണ്ടും പരിശോധനക്കെത്തുന്നു