‘നിങ്ങള്‍ വിതച്ചത് തന്നെ കൊയ്തു’; കര്‍ണാടകയിലും ബി.ജെ.പിക്ക് അധികാരം നഷ്ടപ്പെടുമെന്ന് കുമാരസ്വാമി

  • Post category:news
  • Reading time:1 min read
You are currently viewing ‘നിങ്ങള്‍ വിതച്ചത് തന്നെ കൊയ്തു’; കര്‍ണാടകയിലും ബി.ജെ.പിക്ക് അധികാരം നഷ്ടപ്പെടുമെന്ന് കുമാരസ്വാമി

 

മഹാരാഷ്ട്രയില്‍ ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതില്‍ പ്രതികരിച്ച് കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. ‘നിങ്ങള്‍ വിതച്ചത് തന്നെ കൊയ്യുക’ എന്ന പഴംഞ്ചൊല്ല് ഫഡ്‌നാവിന്‍റെ കാര്യത്തില്‍ പ്രാവര്‍ത്തികമായെന്ന് കുമാരസ്വാമി പറഞ്ഞു. ഫഡ്‌നാവിസിന് സംഭവിച്ചത് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പക്ക് സംഭവിക്കുമെന്നും കുമാരസ്വാമി പറഞ്ഞു. ബി.ജെ.പിയുടെ അധികാര മോഹത്തിന് ഫഡ്നാവിസ് കനത്ത വില നല്‍കിയെന്നും കുമാരസ്വാമി പറഞ്ഞു.

അധികാരത്തിനുള്ള ആര്‍ത്തി, അനാവശ്യ തെരഞ്ഞെടുപ്പുകളിലൂടെ സര്‍ക്കാരുകളെ അട്ടിമറിക്കുക തുടങ്ങിയ പ്രവര്‍ത്തികളെ മാറ്റിനിര്‍ത്താനുള്ള വിവേകം മഹാരാഷ്ട്രയില്‍ നേരിട്ട തിരിച്ചടികൊണ്ട് ബി.ജെ.പിക്കുണ്ടായിട്ടുണ്ടെന്ന് പ്രത്യാശിക്കുന്നതായും കുമാരസ്വാമി പറഞ്ഞു.

അതേസമയം, ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്‍.സി.പി നേതാവ് ജയന്ത് പാട്ടീലും കോണ്‍ഗ്രസ് നേതാവ് ബാലസാഹെബ് തോറത്തും ഉപമുഖ്യമന്ത്രിമാരാകുമെന്നും റിപ്പോര്‍ട്ടുണ്ട്. മുംബൈ ട്രൈഡന്റ് ഹോട്ടലില്‍ നടന്ന സേന-എന്‍.സി.പി-കോണ്‍ഗ്രസ് സംയുക്ത മീറ്റിംഗില്‍ ത്രികക്ഷി സഖ്യത്തിന്‍റെ നേതാവായി ഉദ്ധവ് താക്കറയെ തെരഞ്ഞെടുക്കും. സഖ്യത്തെ മഹാരാഷ്ട്ര വികാസ് അഘാടി എന്ന് വിളിക്കുമെന്ന് സംയുക്ത യോഗത്തില്‍ മൂന്നു പാര്‍ട്ടികളും പ്രഖ്യാപിച്ചിരുന്നു.

0Shares