
ഇന്ത്യന്‍ സേന പാകിസ്താനിലെ ബാലാകോട്ട് ആക്രമണം നടത്തിയത് തന്‍റെ ‘റഡാര്‍’ തിയറി ഉപയോഗിച്ചാണെന്നുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസ്താവനയെ രൂക്ഷമായി പരിസഹിച്ച് കോണ്‍ഗ്രസ് നേതാവും സോഷ്യല്‍ മീഡിയ അധ്യക്ഷയുമായ ദിവ്യസ്പന്ദന. മേഘങ്ങള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലുമൊക്ക വിമാനങ്ങളെ കണ്ടുപിടിക്കത്തക്ക രീതിയിലുള്ള റഡാറുകള്‍ ദശാബ്ദങ്ങള്‍ക്ക് മുന്‍പേ തന്നെ ഉണ്ടെന്നും അങ്ങനെ ഇല്ലായിരുന്നെങ്കില്‍ മറ്റ് രാജ്യങ്ങളുടെ വിമാനങ്ങള്‍ എന്നേ നമ്മുടെ ആകാശം കൈയടക്കിയേനെയെന്നുമായിരുന്നു മോഡിയെ അങ്കിള്‍ എന്ന് വിളിച്ചു പരിഹസിച്ചുകൊണ്ട് ദിവ്യ ട്വിറ്ററില്‍ കുറിച്ചത്.

”മോഡീ, താങ്കളുടെ അറിവിലേക്കായി.. മേഘങ്ങള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലുമൊക്ക വിമാനങ്ങളെ കണ്ടുപിടിക്കത്തക്ക രീതിയിലുള്ള റഡാറുകള്‍ ദശാബ്ദങ്ങള്‍ക്ക് മുന്‍പേ തന്നെ ഉണ്ട്. ചാരപ്രവര്‍ത്തനത്തിന് അടക്കം.. അങ്ങനെ ഇല്ലായിരുന്നെങ്കില്‍ മറ്റ് രാജ്യങ്ങളുടെ വിമാനങ്ങള്‍ എന്നേ നമ്മുടെ ആകാശം കൈയടക്കിയേനെ.. നിങ്ങള്‍ ഇപ്പോഴും കഴിഞ്ഞ കാലഘട്ടത്തില്‍ ജീവിക്കുന്നതിന്‍റെ കുഴപ്പമാണ്… ഇനിയെങ്കിലും അത് മനസിലാക്കൂ.. അങ്കിള്‍ ജീ.. ”- ദിവ്യ കുറിച്ചു.
”2014 മുതല്‍ നമുക്കും അത്ഭുതകരമായതും നൂതനുമായ ഒരു ‘റഡാര്‍’ ഉണ്ട്. മണ്ടത്തരങ്ങള്‍, നുണകള്‍, അഴിമതി, കള്ളപ്പണം എന്നിവ കണ്ടുപിടിക്കാനാണ് അത് നമ്മളെ സഹായിക്കുന്നത്. അല്ലാതെ നിങ്ങളുടെ കള്ളത്തരങ്ങള്‍ എല്ലാം ഞങ്ങള്‍ എങ്ങനെ കണ്ടുപിടിച്ചുവെന്നാണ് കരുതിയത്? – എന്നായിരുന്നു ദിവ്യസ്പന്ദന മറ്റൊരു ട്വീറ്റില്‍ പരിഹസിച്ചത്.
