നിങ്ങളുടെ നഗ്നചിത്രം ഫേസ്ബുക്കില്‍ വരാതിരിക്കാന്‍ പുതിയ പദ്ധതിയുമായി ഫേസ്ബുക്ക്; ഇതിനായി കമ്പനി ചോദിക്കുന്നത് വിചിത്രമായ ആവശ്യം

  • Post category:news
  • Reading time:1 min read
You are currently viewing നിങ്ങളുടെ നഗ്നചിത്രം ഫേസ്ബുക്കില്‍ വരാതിരിക്കാന്‍ പുതിയ പദ്ധതിയുമായി ഫേസ്ബുക്ക്; ഇതിനായി കമ്പനി ചോദിക്കുന്നത് വിചിത്രമായ ആവശ്യം

ന്യൂയോര്‍ക്ക്: പ്രണയമോ വിവാഹ ജീവിതമോ പരാജയപ്പെട്ടാല്‍ പങ്കാളിയുടെ നഗ്നചിത്രം പ്രചരിപ്പിച്ചു തേജോവധം ചെയ്യുകയെന്ന പതിവു പരിപാടി അവസാനിപ്പിക്കാന്‍ ഫേസ്ബുക്കിന്റെ പുതിയ പദ്ധതി. ഇതിനായി ഫെയ്‌സ്ബുക്കിന് വേണ്ടത് നിങ്ങളുടെ നഗ്‌ന ചിത്രം തന്നെയാണ്. സ്വന്തം നഗ്‌ന ചിത്രം മെസഞ്ചര്‍ വഴി സ്വന്തം അക്കൗണ്ടിലേക്ക് തന്നെ സന്ദേശമായി അയയ്ക്കാനാണ് ഫേസ്ബുക്ക് അധികൃതര്‍ നിര്‍ദേശിക്കുന്നത്. ഇപ്രകാരം ചെയ്യുമ്പോള്‍ കമ്പനി ഈ ചിത്രം ഒരു പ്രത്യേക ഡിജിറ്റല്‍ ഫിംഗര്‍ പ്രിന്റിന്റെ രൂപത്തിലേക്ക് മാറ്റും. പിന്നീട് ഏതെങ്കിലും അക്കൗണ്ടില്‍ നിന്ന് ഇതേ ചിത്രം പ്രചരിപ്പിക്കാന്‍ ശ്രമിച്ചാല്‍ ഫെയ്‌സ്ബുക്ക് ഇത് തിരിച്ചറിഞ്ഞ് ബ്ലോക്ക് ചെയ്യും. 2016ലെ ഒരു റിപ്പോര്‍ട്ട് പ്രകാരം അമേരിക്കയില്‍ 4 ശതമാനം പേര്‍ റിവഞ്ച് പോണിന്റെ ഇരകളാണ്. 30 വയസിന് താഴെയുളള 10 ശതമാനം പെണ്‍കുട്ടികളാണ് ഇതിന് ഇരയാവുന്നതെന്നാണ് കണക്ക്.

സര്‍ക്കാര്‍ ഏജന്‍സിയുമായി ചേര്‍ന്ന് ഓസ്‌ട്രേലിയയില്‍ ഈ പദ്ധതിയുടെ സാങ്കേതികവിദ്യ വികസിപ്പിച്ചു കഴിഞ്ഞിരിക്കുകയാണ് ഇപ്പോള്‍ ഫേസ്ബുക്ക്. മുമ്പ് ഈ പദ്ധതി ഓസ്‌ട്രേലിയയില്‍ ആവിഷ്‌കരിക്കാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും സാങ്കേതിക തകരാറുകള്‍ കാരണം തുടരാന്‍ സാധിച്ചിരുന്നില്ല. ഇന്‍സ്റ്റഗ്രാം, മെസഞ്ചര്‍, ഫേസ്ബുക്ക് എന്നിവയിലൂടെ ചിത്രം ഉപയോഗിച്ചുളള പീഡനം തടയാന്‍ പുതിയ സാങ്കേതികവിദ്യ സഹായകമാകുമെന്നാണ് ഫേസ്ബുക്ക് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. കൂടുതല്‍ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായാണ് ഫേസ്ബുക്ക് പദ്ധതി പുനരാവിഷ്‌കരിക്കുന്നത്.

0Shares