ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സ്ഥാപിച്ച നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ സ്വത്തുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അന്വേഷണം നേരിടണമെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. ഇക്കാര്യത്തില്‍ ആദായ നികുതി വകുപ്പിനും അന്വേഷണ റദ്ദാക്കണമെന്ന ഇരുവരുടെയും ആവശ്യവും കോടതി തള്ളി. അന്വേഷണവുമായി ആദായ നികുതി വകുപ്പിന് മുന്നോട്ട് പോകാമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

വിശ്വാസവഞ്ചനയും അനധികൃത സ്വത്ത് സമ്പാദനവും ആരോപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണ് കേസ് കൊടുത്തത്. ആരോപണങ്ങള്‍ സോണിയയും രാഹുലും നേരത്തെ തന്നെ നിഷേധിച്ചിരുന്നു. അസോസിയേറ്റ് ജേര്‍ണലിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന നാഷണല്‍ ഹെറാള്‍ഡിന്റെ ഓഹരികള്‍ സോണിയാഗാന്ധിക്കും രാഹുല്‍ഗാന്ധിക്കും ഓഹരി പങ്കാളിത്തമുള്ള യംങ് ഇന്ത്യ കമ്പനിയിലേക്ക് മാറ്റിയതിനെക്കുറിച്ചും, അസോസിയേറ്റ് ജേര്‍ണലിന് കോണ്‍ഗ്രസ് പാര്‍ടി 90 കോടി രൂപയുടെ പലിശ രഹിത വായ്പ നല്‍കിയതിനെക്കുറിച്ചുമാണ് ആദായ നികുതി വകുപ്പ് അന്വേഷണം നടത്തുന്നത്.