
ന്യൂഡല്‍ഹി: ആധാര്‍ കേസില്‍ കേന്ദ്ര തിരിച്ചറിയൽ അഥോറിറ്റിക്ക് (യു.ഐ.ഡി.എ.ഐ) വിശാലമായ അധികാരങ്ങൾ നല്‍കുന്നതിനെതിരെ കേന്ദ്രസര്‍ക്കാരിനോട് രൂക്ഷമായ ചോദ്യങ്ങളുമായി സുപ്രീം കോടതി. അമിതാധികാരം നൽകുകയല്ല, സ്വകാര്യതയ്ക്കുള്ള അവകാശത്തെ ഹനിക്കലാണ്. ഇങ്ങനെയാണെങ്കില്‍ യു.ഐ.ഡി.എ.ഐ നാളെ ആളുകളുടെ ഡി.എന്‍.എ വിവരങ്ങള്‍ ശേഖരിക്കാനായി രക്ത സാമ്പിളുകൾ ചോദിച്ചേക്കുമെന്നും കേസ് പരിഗണിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു.

നാളെയെക്കുറിച്ച് പറയാനാകില്ലെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന ആഭിഭാഷകന് കെ.കെ. വേണുഗോപാല്‍ മറുപടി നല്കി. രക്തവും മൂത്രവും ഉമിനീരും നാളെ ചോദിച്ചേക്കാൻ സാധ്യതയുണ്ട്. എന്നാൽ അന്ന് ഇതിനെ ചോദ്യം ചെയ്ത് സർക്കാർ ഇതര സംഘടനകൾ ഇതേ കോടതിയിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു. ആധാറിനായി ബയോമെട്രിക് വിവരങ്ങള്‍ അടക്കമുള്ളവ ശേഖരിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമല്ലെന്നും വേണുഗോപാൽ പറഞ്ഞു. വിരലടയാളം ചെറിയ കാര്യങ്ങള്‍ക്ക് മാത്രമെ ഉപയോഗിക്കുന്നുള്ളു. ജയില്‍ പുള്ളികളെ തിരിച്ചറിയാന്‍ വിരലടയാളം ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
