ബാഴ്സലോണ: ബാഴ്‌സിലോനയുടെ എക്കാലത്തെയും സൂപ്പര്‍ താരമായ ലയണല്‍ മെസി 2021 വരെ ബാഴ്സയില്‍ തന്നെ തുടരും. ബാഴ്സയുമായി നാലു വര്‍ഷത്തേക്കുള്ള കരാര്‍ താരം പുതുക്കി. 2021 വരെയാണ് കരാര്‍ ദീര്‍ഘിപ്പിച്ചത്. ഏറെ കാലമായി മെസി ബാഴ്സയില്‍ നിന്നും പുറത്തേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ക്ക് ഇതോടെ വിരാമമായി. നേരത്തെ മെസി ക്ലബ് വിടുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. പക്ഷേ മെസി ഇനിയും ബാഴ്സയുടെ കുപ്പായമണിഞ്ഞ് കളത്തില്‍ ഉണ്ടാകും. 300 മില്യണ്‍ യൂറോയുടെ കരാറാണ് (2200 കോടി)താരവുമായി ക്ലബ്ബ് നടത്തിയിരിക്കുന്നതെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മെസി ഇതുവരെ ബാഴ്സയ്ക്കായി 583 മത്സരങ്ങളില്‍ നിന്ന് 507 ഗോളുകളാണ് അടിച്ചുകൂട്ടിയത്. നേരത്തെ ഇ.എസ്.പി.എന്നിന്റെ ടെന്‍സന്‍ സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തിലും അര്‍ജന്റീന താരം പതിമൂന്നാം വയസ്സു മുതല്‍ കളിക്കുന്ന സ്പാനിഷ് ക്ലബ്ബിനോടുള്ള തന്റെ വിധേയത്വം തുറന്നു പറഞ്ഞിരുന്നു. ഇത് താന്‍ എപ്പോഴും കണ്ടിരുന്ന സ്വപ്നമാണ്. ബാഴ്സിലോണയുടെ കുപ്പായത്തില്‍ തന്നെ കളിയവസാനിപ്പിക്കാനും ആഗ്രഹിക്കുന്നു എന്ന് താരം വ്യക്തമാക്കി. ക്യാമ്പ് ന്യൂവിലെ കരിയറില്‍ എട്ട് ലാലിഗ കിരീടങ്ങളും നാലു ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും മെസി സ്വന്തമാക്കിയിട്ടുണ്ട്. ഇതിനിടയില്‍ അഞ്ചു തവണ ബലോണ്‍ ഡി ഓര്‍ പുരസ്‌ക്കാരത്തിനും താരം അര്‍ഹനായി.