നാലു വര്‍ഷത്തിനു ശേഷം മലമ്പുഴ അണക്കെട്ടിൻ്റെ ഷട്ടറുകള്‍ തുറന്നു; അല്‍ഭുത കാഴ്ച കാണാന്‍ ആയിരങ്ങളെത്തി

  • Post category:news
  • Reading time:1 min read
You are currently viewing നാലു വര്‍ഷത്തിനു ശേഷം മലമ്പുഴ അണക്കെട്ടിൻ്റെ ഷട്ടറുകള്‍ തുറന്നു; അല്‍ഭുത കാഴ്ച കാണാന്‍ ആയിരങ്ങളെത്തി

പാലക്കാട്: നാലുവര്‍ഷത്തിനു ശേഷം മലമ്പുഴ അണക്കെട്ട് തുറന്നു. അല്‍ഭുത കാഴ്ച കാണാന്‍ ആയിരങ്ങളെത്തി. 115.06 മീറ്റര്‍ സംഭരണശേഷിയുള്ള മലമ്പുഴ അണക്കെട്ടില്‍ ജലനിരപ്പ് 114.86 മീറ്ററിലെത്തിയതോടെയാണ് ഷട്ടറുകള്‍ തുറന്നത്. ഡാമിന്റെ ഷട്ടറുകള്‍ മൂന്ന് സെന്റീമീറ്റര്‍ വീതമാണ് തുറന്നത്. നാലുവര്‍ഷത്തിന് ശേഷമാണ് മഴക്കാലത്ത് മലമ്പുഴ ഡാം തുറക്കുന്നത്. കല്‍പ്പാത്തി പുഴയിലും കൈവഴികളിലും ജലനിരപ്പ് വന്‍തോതില്‍ ഉയരും. അകത്തേത്തറ, മലമ്പുഴ, പുതുപ്പരിയാരം പഞ്ചായത്തുകളില്‍ പ്രത്യേക ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശക്തമായ മഴ തുടരുന്നതിനാല്‍ മംഗലം ഡാമിന്റെ ഷട്ടറുകള്‍ ഇനിയും ഉയര്‍ത്തേണ്ടിവരും. ഭാരതപ്പുഴയിലും കല്‍പ്പാത്തിപ്പുഴയില്‍ ഇറങ്ങുന്നതിനും സെല്‍ഫിയെടുക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2013ലും 14-ലുമാണ് അവസാനമായി ഷട്ടറുകള്‍ തുറന്നത്. 2013-ല്‍ ഓഗസ്റ്റ് 15 മുതല്‍ നവംബര്‍ എട്ടുവരെയും 2014-ല്‍ സെപ്റ്റംബര്‍ ആറുമുതല്‍ ഒക്ടോബര്‍ 27വരെയുമാണ് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ മഴ കുറഞ്ഞത് അണക്കെട്ടിലെ സംഭരണത്തെ ബാധിച്ചു. കഴിഞ്ഞവര്‍ഷം രണ്ടാംവിളയ്ക്ക് കര്‍ഷകര്‍ 90 ദിവസം കനാലുകള്‍വഴി വെള്ളം വേണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അത്രയും ദിവസം നല്‍കാന്‍പോലും വെള്ളം തികഞ്ഞിരുന്നില്ല. 2011-ലും 2013-ലും ജൂലായില്‍ത്തന്നെ ജലനിരപ്പ് 113 മീറ്ററായിരുന്നു.മുന്‍കരുതലുകള്‍

* ഷട്ടറുകള്‍ തുറന്നതിനുശേഷം നദിമുറിച്ച് കടക്കരുത്
* നദിയില്‍ കുളിക്കുന്നതും തുണി നനയ്ക്കുന്നതും കളിക്കുന്നതും ഒഴിവാക്കുക
* നദിക്കരയോടുചേര്‍ന്ന് താമസിക്കുന്നവരും മുന്‍കാലങ്ങളില്‍ വെള്ളം കയറിയ പ്രദേശങ്ങളിലുള്ളവരും അതീവജാഗ്രത പാലിക്കണം
* പത്രമാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളും മറ്റ് ഔദ്യോഗിക വാര്‍ത്തകളും മാത്രം ശ്രദ്ധിക്കുക.

0Shares