കൊച്ചി: താര സംഘടനേയായ ‘അമ്മ’ പരസ്യപ്രസ്താവന നടത്തുന്നതിന് വിലക്കേര്‍പ്പെടുത്തി സര്‍ക്കുലര്‍ പുറത്തിറക്കി. ദിലീപിന്റെ വിഷയം അടക്കമുള്ള കാര്യങ്ങളില്‍ സിനിമാതാരങ്ങള്‍ പരസ്യപ്രസ്താവന നടത്തുന്നതിന് വിലക്കേര്‍പ്പെടുത്തിയാണ് താരസംഘടനയായ ‘അമ്മ’ സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് നാല് നടിമാര്‍ രാജിക്കത്ത് നല്‍കിയ കാര്യം സര്‍ക്കുലറില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് നടിമാര്‍ മാത്രമെ രാജിക്കത്ത് നല്‍കിയിട്ടുള്ളൂവെന്ന് നേരത്തെ അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് നടിമാര്‍ നിഷേധിച്ച് രംഗത്തെത്തി. ആക്രമണത്തിന് ഇരയായ നടി, രമ്യാനമ്പീശന്‍, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് എന്നിവരാണ് അമ്മ സംഘടനയില്‍ നിന്ന് രാജിവച്ചിരിക്കുന്നത്. താരങ്ങള്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള പ്രശ്‌നങ്ങള്‍ പ്രവര്‍ത്തനമേഖലയില്‍ നിന്നോ വ്യക്തികളില്‍ നിന്നോ നേരിട്ടാല്‍ ആദ്യം അത് രേഖകള്‍ സഹിതം സംഘടനയെ അറിയിക്കണം. ആക്രമിക്കപ്പെട്ട നടിക്ക് തുടര്‍സഹായം എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അത് ചോദിച്ചറിയാന്‍ വനിതാ അംഗത്തെ ചുമതലപ്പെടുത്തി.
ഇവരെക്കൂടാതെ നടന്‍മാരായ ജോയ് മാത്യു, ഷമ്മി തിലകന്‍ എന്നിവരെയും ചര്‍ച്ചയ്ക്ക് വിളിപ്പിച്ചിട്ടുണ്ട്. ഓഗസ്റ്റ് ഏഴിനാണ് ചര്‍ച്ച നടക്കുക. സംഭവം നടന്നതു മുതല്‍ അമ്മ നടിക്ക് ഒപ്പമാണ് എന്നാല്‍ അമ്മ നടിക്ക് ഒപ്പമല്ല എന്ന പ്രചരണം നടത്തിക്കൊണ്ടിരിക്കുകയാണ്. നിരപരാധിത്വം തെളിയിക്കുന്നത് വരെ ഒരു സംഘടനയിലേക്കും ഇല്ലെന്ന് ദിലീപ് കത്തിലൂടെ വ്യക്തമാക്കിയതിനാല്‍ തുടര്‍നടപടികള്‍ക്ക് പ്രസക്തിയില്ല. പ്രശ്നങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ സംഘടനയ്ക്കുള്ളില്‍ തന്നെ സംസാരിച്ച് പരിഹരിക്കണമെന്നു എ.എം.എം.എ അംഗങ്ങള്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ പറയുന്നു. ആക്രമിക്കപ്പെട്ട നടിയടക്കം നാല് നടിമാരുടെ രാജിക്കത്ത് ലഭിച്ചതായി സംഘടന സ്ഥിരീകരിച്ചു.
നാലു നടിമാരുടെയും രാജി ലഭിച്ചെന്ന് അമ്മ; പരസ്യപ്രതികരണങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി സര്‍ക്കുലര്‍ പുറത്തിറക്കി