
കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാരുടെ പേരില്‍ കണ്ണൂരില്‍ നിര്‍മിച്ച നായനാര്‍ അക്കാദമി ശനിയാഴ്ച്ച നാടിന് സമര്‍പ്പിക്കും. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ നായനാരുടെ പ്രതിമയും അനാച്ഛാദനം ചെയ്യും. നായനാര്‍ അക്കാദമി മ്യൂസിയം കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഇ കെ നായനാരുടെ പേരിലാണ് രാജ്യത്തെ തന്നെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മ്യൂസിയം കണ്ണൂരില്‍ വരുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം ഉള്‍കൊള്ളുന്ന മ്യൂസിയം, റഫറന്‍സ് ലൈബ്രറി, ഓപ്പണ്‍ തീയേറ്റര്‍ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് നായനാര്‍ സ്മാരക സമുച്ചയം. പൊതു ജനങ്ങള്‍ക്ക് ഉപകാരപ്രദമായ റഫറന്‍സ് ലൈബ്രറി, കലാ സാംസ്‌കാരിക പരിപാടികള്‍ നടത്താവുന്ന ഹാള്‍, ഓപ്പണ്‍ ഓഡിറ്റോറിയം തുടങ്ങിയവയാണ് കെട്ടിട സമുച്ചയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അക്കാദമിയില്‍ എത്തുന്നവര്‍ക്ക് വടക്കേ മലബാറിലെ കമ്മ്യൂണിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനുള്ള അവസരവും ഉണ്ടാകും. പയ്യമ്പലത്തെ 3.45 ഏക്കര്‍ സ്ഥലത്ത് ജനങ്ങളില്‍ നിന്നും സ്വരൂപിച്ച ഫണ്ട് ഉപയോഗിച്ചാണ് ഇകെ നായനാര്‍ അക്കാദമി സ്ഥാപിച്ചിരിക്കുന്നത്. 45,000 ചതുരശ്ര അടി വിസ്തൃതിയില്‍ മൂന്നുനിലകളിലാണ് അക്കാദമി സജ്ജമാക്കുന്നത്. ഒന്നാംനിലയുടെ പ്രവൃത്തി പൂര്‍ണമായി നടന്നുകഴിഞ്ഞു. രണ്ടും മൂന്നും നിലകളില്‍ ചില പ്രവൃത്തികള്‍ ബാക്കിയുണ്ട്. ഓപ്പണ്‍ എയര്‍ തിയേറ്ററില്‍ 1200 പേര്‍ക്ക് ഇരുന്ന് പരിപാടികള്‍ കാണാന്‍ സാധിക്കും. അടുക്കള, ഡൈനിങ്ഹാള്‍ സൗകര്യങ്ങളുമുണ്ട്. വലിയരീതിയിലുള്ള പരിപാടികള്‍ക്ക് അനുയോജ്യമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്നും കോടിയേരി പറഞ്ഞു.