കൊച്ചി: ‘സ്ട്രീറ്റ് ലൈറ്റ്‌സ്’ എന്ന സ്‌റ്റൈലിഷ് എന്റര്‍ടെയ്‌നര്‍ ചിത്രത്തില്‍ മമ്മൂട്ടി നായകന്‍ മാത്രമല്ല നിര്‍മ്മാണവും നിര്‍വ്വഹിക്കുന്നു. മമ്മൂട്ടി ആദ്യമായി നിര്‍മ്മാതാവാകുന്നു എന്നതാണ് ‘സ്ട്രീറ്റ് ലൈറ്റ്‌സ്’ എന്ന ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള പ്ലേ ഹൗസ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം ഏറ്റെടുത്തിരിക്കുന്നത് നവാഗത സംവിധായകന്‍ ഷാംദത്ത് സൈനുദ്ദീനാണ്. ഛായാഗ്രഹണത്തില്‍ നിന്നും സംവിധാനത്തിലേയ്ക്കുള്ള ഷാംദത്തിന്റെ ചുവടു വെയ്പ് മമ്മൂട്ടി ചിത്രത്തിലൂടെ എന്നതും ചിത്രത്തിന്റെ സവിശേഷതയാണ്.

ഒരു നടനെ മനസ്സില്‍ കണ്ടുകൊണ്ടല്ല സ്ട്രീറ്റ് ലൈറ്റ്‌സിനെ കുറിച്ചാലോചിച്ചതെന്നും കഥാപാത്രം ഉണ്ടായപ്പോള്‍ മമ്മൂട്ടി പ്രോജക്ടിലേയ്ക്ക് വരികയായിരുന്നെന്നും മമ്മൂട്ടി ഇതുവരെ ചെയ്യാത്ത വ്യത്യസ്തമായൊരു കഥാപാത്രമാണെന്നും ഷാംദത്ത് വ്യക്തമാക്കി. ഷാംദത്ത് ഛായാഗ്രാഹകനില്‍ നിന്നും സംവിധാന കുപ്പായം അണിയുമ്പോള്‍ ഛായാഗ്രഹണം ഏറ്റെടുക്കാന്‍ എത്തിയിരിക്കുന്നത് ഷാംദത്തിന്റെ സഹോദരന്‍ സാദത്താണ് എന്നതും ചിത്രത്തിന്റെ മറ്റൊരു സവിശേഷതയാണ്. ഒറ്റ ഷെഡ്യൂളില്‍ ചിത്രീകരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം നാളെ ആരംഭിക്കും. കൊച്ചി, കമ്പം, പൊള്ളാച്ചി, തേനി, ചെന്നൈ എന്നിവിടങ്ങളിലാണ് ചിത്രീകരണം.