
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരനെ സ്ഥാനാർത്ഥിയാക്കിയതിൽ തർക്കം. ജില്ലാ ഘടകം കുമ്മനത്തിന്റെ സ്ഥാനാർഥിത്വത്തിനെതിരേ പ്രതിഷേധം ഉയർത്തിയെന്നാണു റിപ്പോർട്ട്. ഈ പ്രതിസന്ധി പരിഹരിക്കുന്നതു വരെ കുമ്മനത്തിന്റെ പ്രചാരണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ ജില്ലാ ഘടകത്തിനു സംസ്ഥാന നേതൃത്വം നിർദ്ദേശം നൽകിയെന്നാണു വിവരം.
ഉപതെരഞ്ഞെടുപ്പിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കേണ്ട സമയം നാളെ അവസാനിക്കാനിരിക്കേ ബി.ജെ.പി സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ഇനിയും ധാരണയായില്ല. വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചിരുന്ന കുമ്മനം രാജശേഖരന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. കുമ്മനം മത്സരിക്കുന്നതിനെതിരെ ഒരു വിഭാഗം നേതാക്കൾ കേന്ദ്ര നേതൃത്വത്തിൽ സമ്മർദ്ദം ചെലുത്തിയെന്നാണ് വിവരം. ജില്ലാ പ്രസിഡന്റ് എസ്. സുരേഷ്, വി.വി രാജേഷ് എന്നിവരുടെ പേരും പരിഗണിക്കുന്നുണ്ട്.
വട്ടിയൂർക്കാവിൽ ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ സ്ഥാനാർത്ഥിയാകുമെന്ന് മുതിർന്ന ബി.ജെ.പി നേതാവ് ഒ. രാജഗോപാലാണ് പ്രഖ്യാപിച്ചത്. മത്സരിക്കാൻ കുമ്മനം സമ്മതം അറിയിച്ചതായും സംസ്ഥാനത്തിനു പുറത്തുള്ള കുമ്മനം ഞായറാഴ്ച രാവിലെ വട്ടിയൂർക്കാവിലെത്തി പ്രചാരണം തുടങ്ങുമെന്നും രാജഗോപാൽ അറിയിച്ചിരുന്നു.എന്നാൽ പാർട്ടി അപ്പോഴും സ്ഥിരീകരണം നൽകിയില്ല. രാജഗോപാലിന്റെ പ്രസ്താവനക്കെതിരെ വിമർശനവും ഉയർന്നു . വട്ടിയൂർക്കാവിൽ ഒരു വിഭാഗം പ്രവർത്തകർ അതിനകം തന്നെ കുമ്മനത്തിനുവേണ്ടി വേണ്ടി പ്രചാരണം ആരംഭിച്ചിരുന്നു.

കഴിഞ്ഞ നിയമസഭാ,ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ മികച്ച മൽസരം കാഴ്ചവച്ചതും സ്ഥാനാർത്ഥിയെന്ന നിലയിൽ ലഭിക്കുന്ന സ്വീകാര്യതയുമാണ് അദ്ദേഹത്തിന്റെ മേൽ സമ്മർദം വർദ്ധിപ്പിക്കുന്നത്. മണ്ഡലത്തിലെ മുന്നാക്ക സമുദായ വോട്ടുകൾ കുമ്മനത്തിന് സമാഹരിക്കാനാകുമെന്ന് ആർഎസ്എസും കണക്കുകൂട്ടുന്നു. 2016 നിയമസഭാ തെരഞ്ഞെടുപ്പിലും കുമ്മനം വട്ടിയൂർക്കാവിൽ മത്സരിച്ചിരുന്നു. അന്ന് 7622 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കോണ്ഗ്രസിന്റെ കെ. മുരളീധരൻ കുമ്മനത്തെ പരാജയപ്പെടുത്തി.
32 ശതമാനം വോട്ടാണ് അന്നു കുമ്മനത്തിന് ലഭിച്ചത്. സി.പി.എം സ്ഥാനാർഥി ടി.എൻ. സീമ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇക്കുറി കെ. മോഹൻകുമാറാണു വട്ടിയൂർക്കാവിൽ കോണ്ഗ്രസ് സ്ഥാനാർത്ഥി. സിപിഎം സ്ഥാനാർത്ഥിയായി തിരുവനന്തപുരം മേയർ വി.കെ. പ്രശാന്ത് മത്സരിക്കും. കെ. മുരളീധരൻ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒഴിവിലാണ് വട്ടിയൂർക്കാവിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
