നാട്ടുകാര്‍ക്ക് വാഗ്ദാനം ചെയ്ത ജോലി നല്‍കിയില്ല; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കണ്ണൂര്‍ വിമാനത്താവള കവാടം ഉപരോധിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing നാട്ടുകാര്‍ക്ക് വാഗ്ദാനം ചെയ്ത ജോലി നല്‍കിയില്ല; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കണ്ണൂര്‍ വിമാനത്താവള കവാടം ഉപരോധിച്ചു

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവള കവാടം നാട്ടുകാര്‍ ഉപരോധിച്ചു. എല്‍ ആന്റ്ടി യില്‍ ജോലി ചെയ്ത നാട്ടുകാര്‍ക്ക് മുന്‍ഗണന നല്‍കിയില്ലെന്ന് ആരോപിച്ചാണ് ഡി.വൈ.എഫ്.ഐ കല്ലേരിക്കര യൂണിറ്റ്, ഐശ്വര്യ വായനശാല എന്നിവയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ വിമാനത്താവള കവാടം ഉപരോധിച്ചത്. ഉപരോധിച്ചതിനെത്തുടര്‍ന്ന് മട്ടന്നൂര്‍ എസ്.ഐ ശിവന്‍ ചോടോത്തെത്തി കിയാല്‍ എം.ഡി യുമായി സംസാരിച്ചു. തുടര്‍ന്ന് വൈകുന്നേരം വിഷയം ചര്‍ച്ച ചെയ്യാമെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് സമരം അവസാനിപ്പിക്കുകയായിരുന്നു. വര്‍ഷങ്ങളായി വിമാനത്താവള പ്രദേശത്ത് എല്‍.ആന്റ്.ടി യുടെ കീഴില്‍ ജോലി ചെയ്ത നാട്ടുകാരെ പരിഗണിക്കാത്ത കിയാലിന്റെ നടപടി പ്രതിഷേധിച്ചായിരുന്നു ഉപരോധം. എന്നാല്‍ എല്‍.ആന്റ്.ടി യില്‍ ജോലി ചെയ്ത ചിലരെ വിവിധ കമ്പനികളിലേക്ക് പരിഗണിച്ചിരുന്നെന്നും നാട്ടുകാരെ പൂര്‍ണമായും അവഗണിക്കുകയാണ് ചെയ്തതെന്നും നാട്ടുകാര്‍ ആരോപിച്ചു.
വിമാനത്താവളത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തന ഘട്ടത്തില്‍ പാറപ്പൊട്ടിച്ചതിലൂടെ സമീപ മേഖലയിലെ മിക്ക വീടുകളും വിണ്ടുകീറിയെങ്കിലും അതിന് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ കിയാല്‍ ഇനിയും തയ്യാറായിട്ടില്ലെന്നും സമരത്തിന് നേതൃത്വം നല്‍കിയവര്‍ പറഞ്ഞു. ഇത്രയും വലിയൊരു പദ്ധതിയില്‍ നാട്ടുകാരെ പൂര്‍ണ്ണമായും അവഗണിക്കുന്ന സമീപനമാണ് കിയാല്‍ സ്വീകരിക്കുന്നതെന്നും നാട്ടുകാര്‍ ആരോപിച്ചു. സി.പി. ഷിബിന്‍, എം. പ്രദീപന്‍, കെ. സരിന്‍, പി. ബൈജു, പി. ജയേഷ്, കെ. പ്രീത, സി.പി. ചന്ദ്രിക, സി.പി. ഷിബ്ന എന്നിവര്‍ നേതൃത്വം നല്‍കി.

0Shares