
പെറ്റമ്മയെ ഒറ്റയ്ക്കാക്കി വിദേശത്തും മറ്റും ഓണം ആഘോഷിച്ചവരും നിരവധിയുണ്ട്. എന്നാല്‍ ഇവിടെ എടത്വയില്‍ അങ്ങനെയൊരു അമ്മയെ ആശ്വസിപ്പിച്ച് കേരള പോലീസെത്തി. ത്രേസ്യാമ്മയ്ക്ക് ഇത്തവണ ഓണം സന്തോഷ ദിവസമായിരുന്നു. ഓണാശംസകളും മധുരവുമായി കേരള പോലീസ് വയോധികയ്ക്ക് അരികിലെത്തി. ഏഴ് മക്കളും വിദേശത്താണ്. പ്രായമുള്ളവര്‍ താമസിക്കുന്ന വീടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പട്രോളിങ്ങിനിടെയാണ് ഏഴ് മക്കളുള്ള 93 വയസുകാരി പോലീസിന്‍റെ ശ്രദ്ധയില്‍പെടുന്നത്.

ഇവര്‍ വീട്ടില്‍ ഒറ്റയ്ക്കാണ് താമസിക്കുന്നതെന്ന് മനസിലാക്കിയ പ്രിന്‍സിപ്പല്‍ എസ്.ഐ സെസില്‍ ക്രിസ്റ്റിന്‍ രാജ് സ്വന്തം വീട്ടില്‍ നിന്ന് ഓണം ഉണ്ണാതെ ഇവരോടൊപ്പം ആഘോഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഓണ സദ്യയ്ക്ക് വേണ്ട വിഭവങ്ങള്‍ ഓരോ പോലീസുകാരും വീട്ടില്‍ നിന്നും എത്തിച്ചു. സദ്യയ്ക്ക് മുമ്പ് ഓണക്കോടി നല്‍കാനും പോലീസുകാര്‍ മറന്നില്ല.
വീടിന് സമീപത്ത് ഒരുപാട് സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ വീടിനടുത്ത് താമസിക്കുന്നവരോട് ബന്ധപ്പെടാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. ജനമൈത്രിയോടൊപ്പം വയോധിക ഓണം ഉണ്ട വാര്‍ത്ത പുറത്തറിഞ്ഞതോടെ പ്രായമായവര്‍ ഒറ്റയ്ക്കു കഴിയുന്ന ഒട്ടേറെ വീടുകളിലേക്കു ബന്ധുക്കളും മക്കളും എത്തി. ഇത്തരത്തിലുള്ള 8 വീടുകളില്‍ മക്കള്‍ എത്തിയതായി എസ്.ഐ പറഞ്ഞു.
