നാടിനെ നടുക്കി രാജ്യത്ത് വീണ്ടും ആള്‍കൂട്ടാക്രമണം; ഗുജറാത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

  • Post category:news
  • Reading time:1 min read
You are currently viewing നാടിനെ നടുക്കി രാജ്യത്ത് വീണ്ടും ആള്‍കൂട്ടാക്രമണം; ഗുജറാത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

അഹമ്മദാബാദ്: ഗുജറാത്തില്‍ കൊള്ളക്കാരെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം യുവാക്കള്‍ക്ക് നേരെ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മര്‍ദ്ദനമേറ്റ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഗുജറാത്തിലെ ദഹോദ് ജില്ലയിലുള്ള കാളി മഹുദി ഗ്രാമത്തിലാണ് രാജ്യത്തെ നടക്കിയ സംഭവം നടന്നത്. സമീപ ഗ്രാമമായ ഉന്‍ദാറിലുള്ള അജ്മല്‍ വഹോനിയ (22) എന്ന യുവാവാണ് മരിച്ചത്. ഇയാളുടെ സുഹൃത്ത് അംബാലി ഖജുരിയ ഗ്രാമത്തില്‍ നിന്നുള്ള ഭാരു മാത്തൂരിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി ഇരുപതോളം വരുന്ന സംഘമാണ് ആക്രമണം നടത്തിയത്. കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ കവര്‍ച്ചക്കാര്‍ എന്നാരോപിച്ചായിരുന്നു ആക്രമണം. മോഷണം, കൊള്ളയടി, വര്‍ഗീയ ലഹള ഉണ്ടാക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് ശിക്ഷ അനുഭവിച്ചതിന് ശേഷം രണ്ടുപേരും ദിവസങ്ങള്‍ക്ക് മുമ്പാണ് ജയില്‍ മോചിതരായത്. മര്‍ദ്ദനത്തിന് ഇരയായവരും ആക്രമണം നടത്തിയവരും ആദിവാസികളാണ്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അതേസമയം കൊല്ലപ്പെട്ട അജ്മല്‍ വഹോനിയ, പരിക്കേറ്റ ഭാരു മാതുര്‍ എന്നിവര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്നും പോലീസ് പറയുന്നു. ആക്രമണം നടത്തിയവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്. പശുവിന് മോഷ്ടിച്ചുവെന്ന് ആരോപിച്ച് രാജസ്ഥാനിലെ അല്‍വാറിലും ആള്‍ക്കൂട്ടം അക്ബര്‍ ഖാന്‍ എന്ന യുവാവിനെ കൊലപെടുത്തിയിരുന്നു. രാജ്യത്ത് വര്‍ധിച്ചു വരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള നിയമനിര്‍മ്മാണത്തിനായി ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തില്‍ മന്ത്രിതല സമിതി രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

0Shares