
നാഗ്പൂര്‍: നാഗ്പൂര്‍ ടെസ്റ്റില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് മിന്നുന്ന വിജയം. ഇന്നിംഗ്‌സിനും 239 റണ്‍സിനുമാണ് ഇന്ത്യ ശ്രീലങ്കയെ തറപറ്റിച്ചത്. ഒരു ദിവസം ബാക്കി നില്‍ക്കെയുള്ള വിജയത്തോടെ ഇന്ത്യ ടെസ്റ്റ് പരമ്പരയില്‍ മുന്നിലെത്തി. ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗിനിറങ്ങിയ ലങ്ക 166 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.

61 റണ്‍സ് നേടിയ നായകന്‍ ദിനേശ് ചാണ്ഡിമല്‍ മാത്രമാണ് ലങ്കന്‍ നിരയില്‍ പൊരുതിയത്. 31 റണ്‍സോടെ സുരങ്ക ലക്മല്‍ പുറത്താകാതെ നിന്നു. ഇന്ത്യയ്ക്ക് വേണ്ടി ആര്‍.അശ്വിന്‍ നാലും ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും നേടി. ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 300 വിക്കറ്റ് എന്ന റിക്കോര്‍ഡും അശ്വിന്‍ സ്വന്തം പേരില്‍ കുറിച്ചു. സ്‌കോര്‍: ശ്രീലങ്ക ഒന്നാം ഇന്നിംഗ്‌സ് 205, രണ്ടാം ഇന്നിംഗ്‌സ് 166. ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് 610/6 ഡിക്ലയേര്‍ഡ്.
