ന്യൂഡല്‍ഹി: എയര്‍ ഏഷ്യ വിമാനത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം വിമാനത്തിന്റെ ടോയ്‌ലെറ്റില്‍ നിന്നും കണ്ടെത്തി. ഏതാണ്ട് ആറുമാസം മാത്രം പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹമായിരുന്നു വിമാനത്തിലെ ടോയ്‌ലറ്റില്‍ നിന്നും കഴിഞ്ഞ ദിവസം ക്യാബിന്‍ ക്രൂ കണ്ടെത്തിയത്. കുട്ടിയുടെ കരച്ചില്‍ പുറത്തുവരാതിരിക്കാനായി വായില്‍ ടിഷ്യൂ പേപ്പറുകള്‍ തിരുകി വെച്ചിരുന്നു. ഗുവാഹത്തി -ഡല്‍ഹി എയര്‍ ഏഷ്യ വിമാനത്തിലാണ് സംഭവം. ഇതേ തുടര്‍ന്ന് അന്വേഷണത്തില്‍ നവജാത ശിശുവിന്റെ മാതാവ് പത്തൊമ്പതുകാരിയായ തായ്‌ക്കോണ്ടോ താരമാണെന്ന് പോലീസ് കണ്ടെത്തി. ഇവര്‍ മത്സരത്തിനായി വ്യാഴാഴ്ച പരിശീലകനോടൊപ്പം സൗത്ത് കൊറിയയിലേക്ക് പോകാനിരുന്നതാണ്.
ഇംഫാലില്‍ നിന്നുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് വിമാനത്തിലെ ശുചിമുറിയില്‍ പ്രസവിച്ചതെന്നും കുഞ്ഞിനെ കൊലപ്പെടുത്തി ഉപേക്ഷിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തെ തുടര്‍ന്ന് പോലീസ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കുകയും യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. വിമാനം ഡല്‍ഹിയിലെത്തിയ ശേഷം എല്ലാ സ്ത്രീ യാത്രികരേയും ചോദ്യം ചെയ്തതിലൂടെയാണ് യുവതിയെ തിരിച്ചറിഞ്ഞതെന്ന് എയര്‍ ഏഷ്യ പ്രസ്താവനയില്‍ അറിയിച്ചു. സിവില്‍ ഏവിയേഷന്‍ ഡയറക്ടറെ സംഭവം അറിയിച്ചിട്ടുണ്ടെന്നും എയര്‍ ഏഷ്യ വ്യക്തമാക്കി.
നവജാത ശിശുവിൻ്റെ മൃതദേഹം വിമാനത്തിൻ്റെ ടോയ്‌ലെറ്റില്‍; കുഞ്ഞിൻ്റെ മാതാവ് തായ്‌ക്കോണ്ടോ താരം