തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയബാധിതരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്‌കൂള്‍ കുട്ടികളുടെ സംഭാവനയായി 12.8 കോടി രൂപ. കഴിഞ്ഞ രണ്ട് ദിവസമായി ഒന്നു മുതല്‍ പന്ത്രണ്ടുവരെ ക്ലാസ്സുകളുള്ള സ്‌കൂളുകളിലെ കുട്ടികളില്‍ നിന്നും ശേഖരിച്ച തുക കൈറ്റിന്റെ ‘സമ്പൂര്‍ണ’ പോര്‍ട്ടലില്‍ ഇന്നലെ വൈകുന്നേരം ആറ് മണി വരെ രേഖപ്പെടുത്തിയ കണക്കാണിത്. സംസ്ഥാനത്ത് ആദ്യമായാണ് അന്‍പത് ലക്ഷത്തോളം കുട്ടികളില്‍ നിന്നും ഒരേ സമയം റിലീഫ് ഫണ്ട് ശേഖരിക്കുന്നതും അവയുടെ തത്സമയ കണക്കെടുപ്പ് ഓണ്‍ലൈനായി നടത്തുന്നതും.
12,862 സ്‌കൂളുകളില്‍ നിന്ന് സംഭവനയായി എത്തിയ തുകയാണിത്. ഏറ്റവും കൂടുതല്‍ തുക രേഖപ്പെടുത്തിയ സ്‌കൂള്‍ (10.05 ലക്ഷം) കോഴിക്കോട് നടക്കാവ് ഗവണ്‍മെന്റ് ഗേള്‍സ് വി.എച്ച്.എസ്.എസ് സ്‌കൂളും, പിന്നെ മലപ്പുറവുമാണ് (2.1 കോടി). പല സ്‌കൂളുകളും തുക അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നതിനാല്‍ ശേഖരിച്ച കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല. ഇതില്‍ പങ്കാളികളായ മുഴുവന്‍ വിദ്യാര്‍ഥികളേയും വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് അഭിനന്ദിച്ചു. ഈ മഹനീയ ദൗത്യത്തില്‍ പങ്കാളികളായ മുഴുവന്‍ കുട്ടികളേയും, രക്ഷിതാക്കളെയും അധ്യാപകരെയും മുഖ്യമന്ത്രി പിണറായി വിജയനും അഭിനന്ദിച്ചു.
നവകേരളം സൃഷ്ടിക്കാന്‍ ദുരിതാശ്വാസ നിധിയിലേക്ക് സ്‌കൂള്‍ കുട്ടികളുടെ സംഭാവന 12.8 കോടി രൂപ