
തിരുവനന്തപുരം: മംഗളം സ്ഥാപനത്തിലെ തൊഴിലാളി സമരവും അധികാരവടംവലിയും തുറന്ന് പറഞ്ഞ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സ്ഥാനം ഒഴിഞ്ഞ സുനിതാ ദേവദാസ് കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ ചെയ്ത പോസ്റ്റിന്റെ പൂർണ്ണരൂപം:
സാധാരണ പോലെ തുടങ്ങിയ ഒരു ദിവസം . ‘മാരിവില്‍ പോലെ മനസിജര്‍’ എന്ന ട്രാന്‍സ്‌ജെന്‍ഡര്‍ ഷോയുടെ ഷൂട്ട് ഉണ്ടായിരുന്നതിനാല്‍ ഞാന്‍ രാവിലെ 8 മണിക്ക് തന്നെ ഓഫീസില്‍ എത്തിയിരുന്നു. ഏകദേശം 10 മണിയായപ്പോള്‍ ഒരു കൂട്ടം ജീവനക്കാര്‍ പെട്ടന്ന് പുറത്തിറങ്ങി പണിമുടക്കുകയാണെന്നു പ്രഖ്യാപിച്ചു .
എം ബി സന്തോഷിന്റേയും പ്രദീപിന്റെയും ഫിറോസ് സാലിയുടെയും ലക്ഷ്മി മോഹന്റെയും നേതൃത്വത്തിലായിരുന്നു സമരം. ജീവനക്കാര്‍ ഇറങ്ങി വന്നു പുറത്തു നടന്നിരുന്ന ശ്യാമയുടെ ഷൂട്ട് പോലും നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടു . വാര്‍ത്ത മുടങ്ങി .
1 . മിന്നല്‍ പണിമുടക്ക് നടത്തേണ്ട ഒരു സാഹചര്യവും അന്നേദിവസം മംഗളത്തില്‍ ഉണ്ടായിരുന്നില്ല
2 . നോട്ടീസ് തരാതെയാണ് ഇവര്‍ സമരം ചെയ്തത്
3 . ഒരു ന്യൂസ് ചാനലിനെ സംബന്ധിച്ച് കോടികളുടെ നഷ്ടം ഡയറക്റ്റ് ആയും ഇന്‍ഡയറക്ട് ആയും അന്നുണ്ടായി .
തുടര്‍ന്ന് സൗംഷ യുടെ ഭാരവാഹികളെ ഇവര്‍ വിളിച്ചു വരുത്തുകയുണ്ടായി. അത്ഭുതകരം എന്ന് പറയട്ടെ ഇവര്‍ അവരോട് ആവശ്യപ്പെട്ട ഒന്ന് പത്രപ്രവര്‍ത്തകയായ സുനിത വാര്‍ത്തകളിലും ന്യൂസ് റൂമിലും ഇടപെടരുത് എന്നായിരുന്നു. പത്രപ്രവര്‍ത്തകരുടെ ‘മനുഷ്യാവകാശങ്ങള്‍ക്ക്’ വേണ്ടി നിലകൊള്ളുന്ന സംഘടനയായതിനാലാവും അവര്‍ അതൊക്കെ കേട്ട് സന്തോഷമായി തിരിച്ചു പോയി .
പിന്നീട് ടെലിവിഷന്റെ മാനേജിങ് ഡയറക്ടര്‍ ആര്‍ അജിത്കുമാറുമായി നടത്തിയ ചര്‍ച്ചയിലും ഈ ആവശ്യം അവര്‍ മുന്നോട്ട് വച്ചു .
ഹണി ട്രാപ് കേസില്‍ പ്രതികളായവരുടെ ഒരു ഉദ്ദേശം എന്നെ ന്യൂസില്‍ നിന്നും മാറ്റുക എന്നതാണെന്നും ഞാന്‍ ന്യൂസില്‍ ഇടപെടുകയാണെങ്കില്‍ ഇവരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഇവര്‍ക്ക് കഴിയാത്തതാവും കാരണം എന്നും അന്ന് എനിക്ക് മനസ്സിലായി. അന്ന് ആ നിമിഷം ഞാന്‍ മംഗളത്തില്‍ നിന്നും രണ്ടാമതൊന്നു ആലോചിക്കാതെ മാറി നില്ക്കാന്‍ തീരുമാനിച്ചു . കാരണം ,
1 . ഞാന്‍ മംഗളം ടെലിവിഷന്റെ സി ഒ ഒ ആണ് . അടിസ്ഥാനപരമായി പത്രപ്രവര്‍ത്തകയും ആണ് . സ്ഥാപനത്തിന്റെ ചില ഇടത്ത് കയറാത്ത, ചില കാര്യങ്ങളില്‍ ഇടപെടാത്ത ഒരു സി ഒ ഒ ആയിരിക്കാന്‍ താല്പര്യമില്ല . അതിനുപുറമെ ഈ പിഗ് ഫൈറ്റില്‍ പങ്കു ചേര്‍ന്ന് എന്റെ ദേഹത്ത് ചെളി പറ്റിക്കാന്‍ തീരെ താല്പര്യമില്ല .
2 .സ്ഥാപനം പൂട്ടിക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന 5 പേരെങ്കിലും അവിടെയുണ്ട് . അതവര്‍ ഘട്ടം ഘട്ടമായി നടപ്പാക്കി കൊണ്ടിരിക്കുകയാണ് . അതിനു ആക്കം കൂട്ടുന്ന ഒന്നായിരുന്നു നോട്ടീസ് തരാതെയുള്ള ഈ മിന്നല്‍ പണിമുടക്ക് പോലും .
3 .സമരം കഴിഞ്ഞു ഒരു പത്രപ്രവര്‍ത്തകന്‍ എന്നോട് നടന്നതെന്താണ് എന്ന് വിശദീകരിക്കുകയുണ്ടായി. അത് എന്നെ സംബന്ധിച്ചിടത്തോളം എല്ലാ അര്‍ത്ഥത്തിലും ഹൃദയ ഭേദകമായിരുന്നു. ബാര്‍ക്ക് റേറ്റിങ് കുത്തനെ ഇടിഞ്ഞു കൊണ്ടിരിക്കുന്ന ഒരവസ്ഥ ആയിരുന്നു. ന്യൂസിന്റെ ചുമതലയുള്ള വ്യക്തി, അതില്‍ പൂര്‍ണ പരാജയമാണെന്ന് മനസ്സിലാക്കിയ മാനേജ്‌മെന്റ് അദ്ദേഹത്തെ പത്രത്തിലേക്ക് മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു. അതിന്റെ മുന്നോടിയായി അദ്ദേഹത്തെ റീഡെസിഗ്‌നേറ്റ് ചെയ്ത ഓര്‍ഡര്‍ നവമ്പര്‍ 10 നു വൈകുന്നേരം നല്‍കി .
സ്വന്തം സ്ഥാനം നഷ്ടപ്പെടുമെന്ന അദ്ദേഹത്തിന്റെ തോന്നലില്‍ നിന്നും ഉടലെടുത്ത സമരമായിരുന്നു 11 നു നടന്നത്. സമരത്തിന് നേതൃത്വം നല്‍കിയവരുടെ ഉദ്ദേശം അയാളുടെ ജോലിയും ശമ്പളവും സംരക്ഷിക്കുക എന്നത് മാത്രമായിരുന്നു. സമരം ചെയ്യാന്‍ ഒരാള്‍ തീരുമാനിച്ചു. അയാള്‍ മറ്റേയാളോട് പറഞ്ഞപ്പോള്‍ അയാള്‍ ബുദ്ധി ഉപദേശിച്ചു .
ക്കാര്യത്തിന് സമരം ചെയ്താല്‍ പരാജയപ്പെടും. ഇത് യുദ്ധമാണ്. ഇവിടെ ജയിക്കാനായി എന്ത് തന്ത്രവും പ്രയോഗിക്കണം എന്ന്.അവര്‍ യുദ്ധം വിജയിക്കാനുള്ള തന്ത്രം പ്ലാന്‍ ചെയ്തു . സുനിതയെ ടാര്‍ഗറ്റ് ചെയ്താലേ മീഡിയ അറ്റെന്‍ഷന്‍ കിട്ടു. അപ്പോള്‍ അതിനായി സമരം ചെയ്യണം . വിഷയം സുനിതയുടെ തൊഴില്‍ പീഡനം , ശമ്പളമില്ലായ്മ , അത് , ഇത് ഒക്കെ . അതിനിടക്ക് അപ്രധാനമായ ഒരാവശ്യമായി ന്യൂസ് ചുമതലയുള്ള വ്യക്തിയുടെ ജോലിക്കാര്യം പറയാം .
സമരത്തിന് നേതൃത്വം നല്‍കിയവരില്‍ ഒരാള്‍ തന്നെ എന്നോട് ഇത് പറഞ്ഞപ്പോള്‍ സത്യത്തില്‍ ഞാന്‍ ഞെട്ടിപ്പോയി. എത്ര അപകടകരമായ ഒരു സ്ഥലത്താണ് ഞാന്‍ നില്‍ക്കുന്നത് എന്നെനിക്ക് വീണ്ടും ഉറപ്പായി. അതിനു മുന്‍പത്തെ ആഴ്ച സോളാര്‍ റിപ്പോര്‍ട്ട് വന്ന ദിവസം (9112017) ന്യൂസ് റൂമില്‍ നടന്ന ചില ഗുരുതര വീഴ്ചകള്‍ ഞാന്‍ മാനേജ്‌മെന്റിന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യത്തില്‍ പരിഹാരമില്ലാത്ത മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും സ്ഥാപനം പൂട്ടാനാണ് ചിലരുടെ ശ്രമം എന്നും അതിനു നടപടിയും പരിഹാരവും ഉണ്ടായില്ലെങ്കില്‍ നവംബര് 15 മുതല്‍ ഞാന്‍ ജോലി അവസാനിപ്പിക്കുകയാണെന്നും ഒഫീഷ്യല്‍ ലെറ്റര്‍ ആയി എഴുതി മാനേജ്‌മെന്റിന് നല്‍കിയിരുന്നു .
ഞാന്‍ ചൂണ്ടി കാട്ടിയ ഗുരുതര വീഴ്ചകളില്‍ നടപടിയുണ്ടായില്ല. കൂട്ടത്തില്‍ എന്നെ അപകടത്തില്‍ പെടുത്താനും നാണം കെടുത്താനും ഉള്ള ആസൂത്രിത ശ്രമവും കൂടി ചില ജീവനക്കാരുടെ ഭാഗത്തു നിന്നും ഉണ്ടായപ്പോള്‍ നിലവിലെ അവസ്ഥയില്‍ മംഗളത്തില്‍ തുടരേണ്ടതില്ല എന്ന് ഞാന്‍ തീരുമാനിച്ചു. അതിനുള്ള കാരണങ്ങള്‍
1 . എന്റെ സമയം ഞാന്‍ മംഗളത്തില്‍ ചെലവഴിക്കുന്നുണ്ടെങ്കില്‍ സ്ഥാപനം നന്നാവണം എന്നെനിക്ക് നിര്‍ബന്ധമുണ്ട് . മാറ്റം വേണം. ഹണി ട്രാപ് വാര്‍ത്ത ചെയ്ത അതെ സംസ്‌ക്കാരത്തില്‍ മുന്നോട്ടു പോകാന്‍ കഴിയില്ല
2 . സ്ഥാപനം പൂട്ടാന്‍ കച്ചകെട്ടിയിറങ്ങിയവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഒരു കാരണവശാലും കഴിയില്ല .
3 . എന്നെ അപകടത്തില്‍ ചാടിച്ചു കുഴപ്പങ്ങള്‍ മനഃപൂര്‍വം ഉണ്ടാക്കുന്നവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയില്ല .
4 . എന്നെ മുന്നില്‍ നിര്‍ത്തി പഴയ പണി തുടരുന്നവര്‍ക്കൊപ്പം നില്ക്കാനും ആവില്ല .
5 . ചിലര്‍ തങ്ങളുടെ വ്യക്തി താല്‍പര്യങ്ങള്‍ക്കു വേണ്ടി ഒരു മാധ്യമസ്ഥാപനത്തെയും അവിടത്തെ ചില ജീവനക്കാരെയും ഉപയോഗിക്കുന്നത് മിണ്ടാതെ കണ്ടു കൊണ്ടിരിക്കാന്‍ ആവില്ല ..
6 . ഇതിനൊക്കെ പുറമെ മാര്‍ക്കറ്റിങ് പണി എടുക്കാം എന്ന് പറഞ്ഞു ഇതിനു മുന്‍പ് ജോലി ചെയ്ത എല്ലാ സ്ഥാപനവും തകര്‍ക്കുകയും ചെയ്ത പുതിയ ഒരവതാരം സ്ഥാപനത്തിന്റെ ഭാഗമാവുകയും ആ പണിയൊഴികെ ബാക്കി എല്ലാവരും ചെയ്യുന്ന എല്ലാ പണികളിലും അദ്ദേഹം ഇടപെട്ട് സ്വസ്ഥത പോലും നശിപ്പിക്കുകയും ചെയ്തപ്പോള്‍ സത്യത്തില്‍ മതിയായി. ജീവനും കൊണ്ട് രക്ഷപ്പെട്ടാല്‍ മതി എന്നായി. ഒരു കൂട്ടം സ്ഥാപിത താല്‍പര്യക്കാര്‍ കയ്യടക്കിയ സ്ഥാപനം ഇങ്ങനെയൊക്കെയേ ആവു . സത്യത്തില്‍ ഹണി ട്രാപ് പ്രതികള്‍ കേസിന്റെ പേരും പറഞ്ഞു സ്ഥാപനത്തെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണ് . വ്യക്തികളെ ഇമോഷണല്‍ ബ്ലാക്ക്‌മെയിലിങ് ചെയ്യുകയാണ് . അതില്‍ നിന്നും സ്ഥാപനവും വ്യക്തികളും രക്ഷപ്പെടാന്‍ കുറച്ച് സമയം എടുക്കും . ഈ വൃത്തികെട്ട ബ്ലാക്ക് മെയിലിങ് കണ്ടു കൊണ്ടിരിക്കാനുള്ള ക്ഷമ ഇല്ലാത്തതിനാല്‍ പടിയിറങ്ങുന്നു .
ചില തോല്‍വികള്‍ വലിയ വിജങ്ങളാണ്. ഹണി ട്രാപ് പ്രതികളുടെ പിഗ് ഫൈറ്റില്‍ ഞാന്‍ തോറ്റതായി കരുതി അവര്‍ സന്തോഷിക്കുന്നുണ്ടാവും . എന്നാല്‍ എന്നെ സംബന്ധിച്ച് ജീവനും കൊണ്ട് , പ്രത്യേകിച്ച് ഒരു ചീത്തപ്പേരും ഇല്ലാതെ , ഒരു കേസിലും പ്രതിയാവാതെ മംഗളം ടെലിവിഷനില്‍ നിന്നും ഇറങ്ങാന്‍ കഴിഞ്ഞതാണ് എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ വിജയം. ഇവരുടെ ഇടയില്‍ നിന്നും രക്ഷപ്പെടുന്നതാണ് ഏറ്റവും വലിയ ആശ്വാസം .90 ദിവസം മംഗളത്തില്‍ ജോലി ചെയ്തു . അതില്‍ 88 ദിവസവും മംഗളത്തിനകത്തു തന്നെ ഉണ്ടായിരുന്നു . എനിക്ക് ആവുന്നത് ചെയ്യാന്‍ കഴിഞ്ഞു. ചെയ്യണമെന്ന് ആഗ്രഹിച്ച പലതും അവിടത്തെ സ്ഥാപിത താല്‍പര്യക്കാര്‍ കാരണം ചെയ്യാന്‍ കഴിഞ്ഞില്ല .
പക്ഷെ അവിടെ ചെന്നത് കൊണ്ടുണ്ടായ പ്രധാന നേട്ടമായി പറയാന്‍ ആഗ്രഹിക്കുന്നത് ഇതാണ് .
സ്ഥാപനം പൂട്ടാനായി പ്രവര്‍ത്തിക്കുന്ന 5 പേര് അവിടെയുണ്ടെന്ന് എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞു . അവരെ മറ്റു ചിലര്‍ക്ക് ചൂണ്ടി കാണിച്ചു കൊടുക്കാന്‍ കഴിഞ്ഞു . അതെ അത് തന്നെയാണ് ഞാന്‍ സ്ഥാപനത്തോട് ചെയ്ത ഏറ്റവും വലിയ പുണ്യ പ്രവൃത്തി . എന്റെ മംഗളത്തിലെ ദൗത്യവും നിയോഗവും . അത് പൂര്‍ത്തിയാക്കിയതിനാല്‍ തിരിച്ചു പോകുന്നു .
മാനേജ്‌മെന്റിന് കാര്യങ്ങള്‍ മനസ്സിലായിട്ടുണ്ടെന്നു കരുതുന്നു . അതിനാല്‍ ഇനിയുള്ള അവരുടെ ഇടപെടല്‍ സ്ഥാപനത്തില്‍ ഗുണകരമായ മാറ്റങ്ങള്‍ കൊണ്ടു വരുമെന്ന് പ്രതീക്ഷിക്കുന്നു , ആഗ്രഹിക്കുന്നു .
മംഗളം എന്നാല്‍ ഈ വിരലിലെണ്ണാവുന്ന നാലോ അഞ്ചോ വ്യക്തികള്‍ അല്ല്‌ലാത്തതിനാല്‍ എല്ലാ പ്രശ്‌നങ്ങളെയും അതിജീവിക്കാന്‍ സ്ഥാപനത്തിനും അമരക്കാര്‍ക്കും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു . കുറച്ചു ദിവസമെങ്കിലും സ്ഥാപനത്തിന്റെ ഭാഗമായിരുന്നു വ്യക്തി എന്ന നിലയില്‍ മുന്‍നിര ന്യൂസ് ചാനെല്‍ ആവാന്‍ മംഗളത്തിന് ഭാവിയില്‍ കഴിയട്ടെ എന്നാശംസിക്കുന്നു . ആഗ്രഹിക്കുന്നു .
പടിയിറങ്ങുമ്പോള്‍ ആര്‍ അജിത്കുമാറിനോടും മാനേജ്‌മെന്റിന്റെ ഭാഗമായിരിക്കുന്നു എല്ലാവരോടും നന്ദി ഉണ്ട് . കാരണം എല്ലാ തരത്തിലുമുള്ള മാറ്റത്തിനു അവര്‍ തയ്യാറായിരുന്നു .
സത്യത്തില്‍ അവരുടെ എല്ലാ ബ്രാന്‍ഡിനെയും തകര്‍ക്കുന്ന പോലെ പ്രവര്‍ത്തിക്കുന്ന കുറച്ചു മനുഷ്യരാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം .
അവരൊട്ടു സ്ഥാപനം വിട്ടു പോകുകയുമില്ല . നന്നാവുകയുമില്ല . മറ്റുള്ളവരെ പണിയെടുക്കാന്‍ അനുവദിക്കുകയുമില്ല .
അപ്പൊ ഞാന്‍ അങ്ങ് മതിയാക്കി .ഞാനായിട്ട് തന്നെ മതിയാക്കി . നിങ്ങള്‍ ആരും എന്നോട് അവിടെ ഇനിയും തുടരാന്‍ പറയില്ലെന്ന് എനിക്ക് അറിയാം . ഒരു വരി കൂടി … കേരളത്തിലെ എല്ലാ മികച്ച മാധ്യമപ്രവര്‍ത്തകരെയും ഞാന്‍ മംഗളത്തിന്റെ ഭാഗമാവാന്‍ വിളിച്ചിരുന്നു . സംസാരിച്ചിരുന്നു . അപ്പോഴൊക്കെ അവര്‍ വരാതിരിക്കാനുള്ള കാരണമായി ചൂണ്ടി കാണിച്ചത് ഞാന്‍ ഇപ്പോള്‍ പറയുന്ന ഈ കാരണങ്ങള്‍ ഒക്കെ തന്നെയാണ് . എന്നിട്ടും ഞാന്‍ ഉറച്ചു വിശ്വസിച്ചിരുന്നു പുറത്തു നിന്നും കുറച്ചു പേര് വന്നു കഴിയുമ്പോള്‍ ഇതൊക്കെ ശരിയാവും എന്ന് .
എന്നാല്‍ മിന്നല്‍ പണിമുടക്കോടെ എനിക്ക് മനസ്സിലായി സ്ഥാപനത്തിനകത്തു നിന്ന് സ്ഥാപനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന വിരലിലെണ്ണാവുന്നവര്‍ക്ക് സ്ഥാപനം എന്ന് പറയുന്നത് ഒരു വിഷയമേ അല്ലെന്നു. അവനവന്‍ കാര്യം മാത്രമേ ഉള്ളു എന്ന് .
ഈ സമരക്കാരില്‍ ഒരാള്‍ പോലും ഞാന്‍, ഞാന്‍ എന്നല്ലാതെ മംഗളം എന്ന് പറയുന്നത് ഇക്കാലത്തിനിടക്ക് ഒരിക്കല്‍ പോലും കേട്ടിട്ടില്ല . അതെ അത് തന്നെയാണ് കുഴപ്പം . സ്ഥാപനവും സ്ഥാപനത്തിന്റെ ഭാവിയും ഇവര്‍ക്കൊന്നും പ്രശ്‌നമേയല്ല. ഇത് പൂട്ടി പോയാലും കുഴപ്പമൊന്നുമില്ലെന്ന് ചിലര്‍ പറയുകയും ചെയ്തു . അതവര്‍ ഇപ്പോഴും പറഞ്ഞു കൊണ്ടേയിരിക്കുന്നു .
അപ്പൊ എല്ലാരും എന്നെ കുറച്ചു സ്‌നേഹിച്ചോളൂ. എനിക്ക് കുറച്ചു മുറിവേറ്റിട്ടുണ്ട്. അത് പെട്ടന്നുണങ്ങാന്‍ സ്‌നേഹം നല്ല മരുന്നാണ് .
തിരിച്ചു കാനഡയിലേക്ക്. പഠിച്ച എല്ലാ പുതിയ പാഠങ്ങള്‍ക്കും നന്ദി .”
