
കണ്ണൂര്‍: നഴ്സുമാരുടെ സമരം കേരളത്തില്‍ ശക്തമായി തുടരവേ അതിന്റെ പ്രതിഫലനം കൂടുതലായി ഉണ്ടായിരിക്കുന്നത് കണ്ണൂര്‍ ജില്ലയിലാണ്. സമരത്തെ നേരിടാന്‍ ജില്ലയില്‍ ഇന്നലെ തന്നെ ഇന്നത്തേക്ക് 144 പ്രഖ്യാപിച്ചിരുന്നു. ഇത് കൂടാതെ സമരം നടക്കുന്ന സ്വകാര്യ ആശുപത്രികളില്‍ ജോലിക്ക് കയറാന്‍ നഴ്സിംഗ് വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടുകൊണ്ട് കണ്ണൂര്‍ കലക്ടര്‍ ഉത്തരവിടുകയും ചെയ്തു. എന്നാല്‍ സമരത്തെ തകര്‍ക്കുന്ന രീതിയിലുള്ള ഈ ഉത്തരവിനെതിരെ പ്രതിഷേധം വിദ്യാര്‍ത്ഥികളില്‍ പുകയുകയാണ്. പരിയാരം സഹകരണ നഴ്‌സിങ്ങ് കോളജിലെ വിദ്യാര്‍ഥികള്‍ ഉത്തരവിനെതിരെ ക്ലാസ് ബഹിഷ്‌ക്കരിച്ച് പ്രതിഷേധിക്കുകയാണ്. 20 കുട്ടികളെയാണ് പരിയാരം സഹകരണ നഴ്‌സിങ്ങ് കോളജില്‍ നിന്ന് സേവനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

10 പേരെ തളിപ്പറമ്പ് ലൂര്‍ദ്ദ് ആശുപത്രിയിലേക്കും, പത്തുപേരെ പയ്യന്നൂര്‍ സബ ആശുപത്രിയിലേക്കുമാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ആശുപത്രി രജിസ്റ്ററില്‍ പോലും പേരില്ലാത്ത വിദ്യാര്‍ഥികളെ സേവനത്തിനായി അയക്കുന്നത് ഗുണത്തെക്കാളേറെ ദോഷം ചെയ്യുമെന്നും, അങ്ങനെ നിയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്നും ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. കലക്ടറുടെ ഉത്തരവിനെതിരെ ബുധനാഴ്ച കണ്ണൂര്‍ കളക്ട്രറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്നും യുഎന്‍എ ഭാരവാഹികള്‍ അറിയിച്ചു. തിങ്കളാഴ്ച മുതല്‍ അഞ്ച് ദിവസത്തേക്ക് ജില്ലയിലെ നഴ്‌സിംഗ് കോളജുകള്‍ അധ്യയനം നിര്‍ത്തണമെന്നും ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ഒഴികെയുള്ളവര്‍ സമരം നടക്കുന്ന ആശുപത്രികളില്‍ ജോലിക്കായി കയറണമെന്നുമാണ് കലക്ടര്‍ ഉത്തരവിട്ടിരുന്നത്.
പകര്‍ച്ച പനി പകരുന്ന സാഹചര്യത്തിലാണ് ഉത്തരവിട്ടത് എന്നാണ് ഔദ്യോഗിക വിശദീകരണം. അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗ നിര്‍ദ്ദേശം നല്‍കണമെന്നും ജോലിക്ക് വരാത്ത വിദ്യാര്‍ഥികള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും, ആവശ്യമെങ്കില്‍ കോഴ്‌സില്‍ നിന്ന് പിരിച്ചു വിടണമെന്നും ഉത്തരവില്‍ പറയുന്നു.
