
സാമൂഹിക പ്രവർത്തകനും യുക്തിവാദിയുമായിരുന്ന നരേന്ദ്ര ദബോല്‍ക്കറിനെ കൊലപ്പെടുത്തിയത് എങ്ങനെയെന്ന് വെളിപ്പെടുത്തി പ്രതി ശരദ് കലാസ്‌കര്‍. ഗോവിന്ദ് പന്‍സാരെ, ഗൗരി ലങ്കേഷ് എന്നിവരുടെ കൊലപാതകവുമായും ഇയാള്‍ക്ക് ബന്ധമുണ്ടെന്നും സമ്മതിച്ചിട്ടുണ്ട്. ആറുവര്‍ഷം മുമ്പാണ് 67കാരനായ ദബോല്‍ക്കര്‍ കൊല്ലപ്പെടുന്നത്.

ആദ്യം തലക്ക് പിന്നില്‍ നിന്നാണ് വെടിവെച്ചതെന്നും അദ്ദേഹം താഴെ വീണ ശേഷം വലതുകണ്ണിന് മുകളിലും വെടിവെച്ചുവെന്നാണ് കലാസ്‌കര്‍ കുറ്റസമ്മതം നടത്തിയത്. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കഴിഞ്ഞ വര്‍ഷം ഇയാളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. മഹാരാഷ്ട്രയിലെ നല്ലസോപരയിലെ പിസ്റ്റള്‍ നിര്‍മാണ കമ്പനിയിലെ റെയ്ഡിലാണ് കലാസ്‌കര്‍ അറസ്റ്റിലായത്.
പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍ മൂന്ന് കൊലപാതകവുമായും തനിക്ക് ബന്ധമുണ്ടെന്ന് ഇയാള്‍ മൊഴി നല്‍കി. ചില തീവ്ര ഹിന്ദു സംഘടനാ നേതാക്കന്മാരുമായി ബന്ധമുണ്ടെന്നും പ്രത്യയശാസ്ത്രം മുതല്‍ തോക്കുകള്‍ ഉപയോഗിക്കുന്നതിനു വരെ പരിശീലനം തനിക്ക് ലഭിച്ചുവെന്നും ഇയാൾ സമ്മതിച്ചിട്ടുണ്ട്.
