നരേന്ദ്രമോദി തരംഗം ഏശിയില്ല; ഗുരുദാസ് പൂര്‍ ലോക് സഭാ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വന്‍ പരാജയം

  • Post category:news
  • Reading time:1 min read
You are currently viewing നരേന്ദ്രമോദി തരംഗം ഏശിയില്ല; ഗുരുദാസ് പൂര്‍ ലോക് സഭാ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വന്‍ പരാജയം

ലുധിയാന: പഞ്ചാബിലെ ഗുരുദാസ്പൂര്‍ ലോക് സഭാ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വന്‍പരാജയം. കോണ്‍ഗ്രസ് തിരിച്ച് പിടിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുനില്‍ ജാക്കര്‍ 1,93,219 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റിലാണ് അട്ടിമറി വിജയം. ബി.ജെ.പിയുടെ സ്വരണ്‍ സലേറിയക്കെതിരെയാണ് പിസിസി പ്രസിഡന്റായ സുനില്‍ ജാക്കറുടെ മുന്നേറ്റം. ബിജെപിയുടെ ശക്തികേന്ദ്രമെന്ന് വിശേഷിപ്പിച്ചിരുന്ന മണ്ഡലത്തിലാണ് കനത്ത തിരിച്ചടി നേരിട്ടത്. ബിജെപി നേതാവും ബോളിവുഡ് താരവുമായിരുന്ന വിനോദ് ഖന്നയുടെ നിര്യാണത്തെത്തുടര്‍ന്നാണ് ഗുരുദാസ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് നടത്തിയത്. ഒക്ടോബര്‍ 11 നായിരുന്നു തെരഞ്ഞെടുപ്പ്. 56 ശതമാനം പോളിംഗാണ് ഇവിടെ രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ 1,36,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിനോദ് ഖന്ന ഇവിടെ നിന്ന് ജയിച്ചത്. കഴിഞ്ഞ നാല് തവണയായി വിനോദ് ഖന്നയാണ് ഈ മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്. ആം ആദ്മി പാര്‍ട്ടി ഇവിടെ മൂന്നാം സ്ഥാനത്തായി. നാല് തവണ വിനോദ് ഖന്നയിലൂടെ കയ്യടക്കിവച്ച മണ്ഡലം കൂടി നേടിയതോടെ പഞ്ചാബില്‍ കോണ്‍ഗ്രസിന് അകാലിദളിനു ആം ആദ്മി പാര്‍ട്ടിക്കും ഒപ്പം നാല് എം.പിമാരായി. ലോക്‌സഭയില്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണം 46 ആയി ഉയര്‍ന്നു. ലോക്‌സഭാ മുന്‍ സ്പീക്കര്‍ ബല്‍റാം ജാഖറിന്റെ മകനാണ് സുനില്‍. നരേന്ദ്രമോദി സര്‍ക്കാരിനെ ജനങ്ങള്‍ വെറുത്ത് തുടങ്ങിയെന്നതിന്റെ ശക്തമായ സന്ദേശമാണ് തെരഞ്ഞെടുപ്പ് ഫലം എന്നായിരുന്നു സുനില്‍ ജാഖറിന്റെ പ്രതികരണം.വിനോദ് ഖന്നയുടെ ഭാര്യ കവിത ഖന്നയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ബിജെപിയില്‍ നിന്ന് തന്നെ ആവശ്യമുയര്‍ന്നെങ്കിലും യോഗ ഗുരു ബാബ രാംദേവിന്റെ നോമിനിയായാണ് സ്വരന്‍ സലേറിയയെ സ്ഥാനാര്‍ത്ഥിയാക്കിയത്. സര്‍ക്കാര്‍ രൂപീകരിച്ച് ആറ് മാസത്തിനകം നടന്ന ഉപതെരഞ്ഞെടുപ്പിലൂടെ ഗുരുദാസ്പൂര്‍ തിരിച്ച് പിടിക്കാനായത് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനും നേട്ടമായി. രാഹുല്‍ ഗാന്ധിയെ ദേശീയ അധ്യക്ഷനാക്കാന്‍ ഒരുങ്ങുന്ന കോണ്‍ഗ്രസിന് ആത്മവിശ്വാസം പകരുന്നതാണ് ഗുരുദാസ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം.

 

0Shares