
തിരുവനന്തപുരം: കേരളത്തിന്റെ പുരോഗതി വിദേശത്തു പോയി ജീവിതം ഹോമിക്കുന്ന പ്രവാസികള്‍ തന്ന ഭിക്ഷയാണെന്നും അല്ലാതെ ഒരു സര്‍ക്കാരിന്റെയും ഭരണമികവല്ല എന്നും നടൻ സന്തോഷ് പണ്ഡിറ്റ്. വികസന- തൊഴിൽ അവസരങ്ങളുടെ കാര്യത്തിൽ പഞ്ചാബ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ കേരളത്തേക്കാള്‍ ബഹുദൂരം മുന്നിലാണ് എന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. തന്റെ ഫേസ്‌ബുക്ക് പേജിലെ പോസ്റ്റിലൂടെയാണ് പണ്ഡിറ്റ് അഭിപ്രായം പങ്ക് വെച്ചത്.
പോസ്റ്റിന്റെ പൂർണ്ണരൂപം:
“കേരളം നമ്പര്‍ വണ്‍ ആണോ, നമ്പര്‍ 11 ആണോ എന്നൊരു വിഷയം ചിലര്‍ കുറച്ച് ദിവസങ്ങളായ് ചര്‍ച്ച ചെയ്യുന്നു. ഏതാണ്ട് ഇന്ത്യയുടെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും യാത്ര ചെയ്ത അനുഭവം വെച്ച് ഞാന്‍ വിലയിരുത്തുന്നു. പഞ്ചാബ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ കേരളത്തേക്കാള്‍ ബഹുദൂരം മുന്നിലാണ്. അതിന് കാരണം പറയാം, കൂടുതല്‍ യുവജനങ്ങള്‍ക്കും അവിടെ ജോലിയുണ്ട്.
ബാഹ്യമായി മൊബൈല്‍, കാര്‍, വീട് എന്നിവ കാണിച്ച് ജാഡ കാണിക്കുന്നതില്‍ കേരളം നമ്പര്‍ വണ്‍ ആണ്. വികസനത്തിന്റെ കാര്യത്തില്‍ തമിഴ്‌നാടും, കര്‍ണ്ണാടകയും നമ്മെക്കാള്‍ മുന്നിലാണ്….അഴിമതി കുറഞ്ഞ ഭരണത്തില്‍ ഡല്‍ഹി നല്ലതാണ്. ഗോവയും പുരോഗതിയില്‍ മുന്നിലാണ്. സാക്ഷരത, ജനങ്ങള്‍ തമ്മിലുള്ള ഇടപഴകല്‍ എന്നിവയില്‍ കേരളം മുന്നിലായി എന്നു തോന്നുന്നു. നമ്മുടെ പുരോഗതി വിദേശത്തു പോയി ജീവിതം ഹോമിക്കുന്ന പ്രവാസികള്‍ തന്ന ഭിക്ഷയാണ്. അല്ലാതെ ഒരു സര്‍ക്കാരിന്റെയും ഭരണമികവല്ല. ലോട്ടറി, മദ്യം ഇവ വിറ്റു കിട്ടുന്ന കാശു കൊണ്ടാണ് ഇവിടെയുള്ള വികസനങ്ങള്‍ നടക്കുന്നത്…
കാര്‍ഷിക മേഖലയില്‍ കൂടുതല്‍ പുരോഗതി നേടി, കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ കൊടുത്ത് കേരളം സ്വയം പര്യാപ്തത നേടണം. ബലൂണ്‍ പോലെ ഊതി വീര്‍പ്പിച്ച പുരോഗതി കൊണ്ട് ഒരു ഗുണവും ഇല്ല…തമിഴ്‌നാടും, കര്‍ണ്ണാടകയും സഹകരിച്ചില്ലെങ്കില്‍ മലയാളി പട്ടിണിയാകും. ഓര്‍ത്തോ.
വിദേശത്തുള്ളവര്‍ തിരിച്ചു വന്നാല്‍ അവരെ ഉള്‍കൊള്ളിനുള്ള സ്ഥലം കേരളത്തിനുണ്ടോ? ഏറ്റവും കൂടുതല്‍ ഭൂകമ്പ സാധ്യത ഉള്ള സംസ്ഥാനം ആണ് നമ്മുടേത്…മറക്കരുത്…കേരളത്തില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു എല്ലാ മതത്തിലും കൂടുതല്‍ അന്ധമായിട്ടുള്ള വിശ്വാസങ്ങള്‍, ആചാരങ്ങള്‍,
സ്ത്രീകളോടുള്ള മോശം സമീപനം, പീഡനം, കള്ള പണം, മറ്റുള്ളവരെ പരിഹസിക്കുക, രാഷ്ട്രീയ കൊലപാതകങ്ങള്‍ എന്നിവയിലും മുന്‍പന്തിയില്‍ ആണ്..”
