തിരുവനന്തപുരം: നമ്പി നാരായണിനെതിരെ ആരോപണവുമായി മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ രംഗത്ത്. പദ്മഭൂഷണ്‍ നല്‍കിയതിനെതിരെയാണ് മുന്‍ ഡി.ജി.പി പ്രതികരിച്ചത്. ആ മഹാന് ഐ.എസ്.ആര്.ഒയ്ക്ക് വേണ്ടി എന്ത് ചെയ്തുവെന്ന് പുരസ്കാരത്തിന് നാമനിര്‍ദ്ദേശം ചെയ്തവരും നല്കിയവരും പറയണമെന്നും സെന്‍കുമാര്‍ ആവശ്യപ്പെട്ടു. മാധ്യമപ്രവർത്തകർക്ക് മുമ്പാകെ ഇന്ന് റിപ്പബ്ലിക്ക് ദിനത്തിൽ തന്നെ സെന്‍കുമാര്‍ തുറന്ന പോരിന് തയ്യാറായിരിക്കുന്നു എന്നാണ് മനസ്സിലാക്കാനാകുന്നത്.
ബി.ജെ.പി പാളയത്തിലേക്ക് സെന്‍കുമാര്‍ ആടുംകുമ്പോൾ തന്നെ ഇന്ന് നടത്തിയ ആരോപണം ബി.ജെ.പിക്ക് തന്നെ തലവേദനയുണ്ടാകും എന്നാണ് വിലയിരുത്തൽ. 1994 ല്‍ സ്വയം വിരമിക്കലിന് കത്ത് കൊടുത്ത ആ മഹാന് ഭാരതത്തിനും ശാസ്ത്രത്തിനും എന്ത് സംഭാവന ചെയ്തു എന്ന് പറയാന്‍ അവര്‍ ബാധ്യസ്ഥരാണ്. ഐ.എസ്.ആര്.ഒയില്‍ നാലായിരം പേരുണ്ട്. അവരോട് ആരോട് ചോദിച്ചാലും നമ്പി നാരായണനെ കുറിച്ച് മോശം അഭിപ്രായമായിരിക്കും. യാതൊരു സംഭാവനയും അദ്ദേഹം ഐ.എസ്.ആര്.ഒയ്ക്ക് വേണ്ടി നല്‍കിയിട്ടില്ലന്നും സെന്‍കുമാര്‍ ആരോപിച്ചു.
ശരാശരിയ്ക്ക് താഴെയുള്ള ആളാണ് നമ്പി നാരായണന്. അത് മാത്രമല്ല ഐ.എസ്.ആര്.ഒ കേസില്‍ സുപ്രിം കോടതി നിയോഗിച്ച സമിതി അന്വേഷണം പൂര്‍ത്തിയാക്കും മുന്‍പ് അവാര്‍ഡ് കൊടുക്കുന്നത് ശരിയല്ല. ഇങ്ങനെ പോയാല്‍ അടുത്ത വര്‍ഷം മറിയം റഷീദയ്ക്കും ഗോവിന്ദ ചാമിക്കും അമീറുള്‍ ഇസ്ലാമിനും അവാര്‍ഡ് കിട്ടിയേക്കുമെന്നും സെന്‍കുമാര്‍ പരിഹസിക്കുകയും ചെയ്തു.