ചെന്നൈ: കമലഹാസൻ ട്വിറ്ററില്‍ കുറിച്ച കവിത തമിഴകത്ത് വൻ ചർച്ചാ വിഷയമായി. ട്വിറ്ററില്‍ ചൊവ്വാഴ്ച രാത്രി കമല്‍ കുറിച്ച 11 വരി കവിതയാണ് പുതിയ ചോദ്യമുയര്‍ത്തുന്നത്. ” ഞാന്‍ തീരുമാനിച്ചാല്‍ ഞാന്‍ മുതല്‍വരാവും. ” എന്നാണ് കമൽ തന്ടെ കവിതയിൽ എഴുതിയിരിക്കുന്നത്. ഇത് കമലിന്റെ രാഷ്ട്രീയ പ്രവേശത്തിന്റെ വിളംബരമാണ് എന്ന മട്ടിലാണ് വ്യാഖ്യാനങ്ങള്‍ കത്തിപ്പടരുന്നത്. തമിഴകത്ത് നിലവിലുള്ള നേതൃത്വ പ്രതിസന്ധി കാരണം കമലിന്റെ കവിത വന്‍ രാഷ്ട്രീയ ശ്രദ്ധയാണ് നേടിയിരിക്കുന്നത്. അത് കൊണ്ട് തന്നെ കമലിന്റെ രാഷ്ട്രീയ പ്രവേശനത്തിന് സാഹചര്യമൊരുങ്ങുമെന്നാണ് കമൽ ആരാധകരുടെ പ്രതീക്ഷ.

കമൽ കുറിച്ച കവിതയുടെ വരികൾ ഇങ്ങനെയാണ് : “ആരും ഇപ്പോള്‍ രാജാവല്ല, അതിനാല്‍ നമുക്ക് വിമര്‍ശിക്കാം.. ആഹ്ളാദത്തോടെ കുതിച്ചുയരാം , നമ്മള്‍ അവരെപ്പോലെ രാജാക്കന്മാരല്ല . തോല്‍ക്കപ്പെട്ടാല്‍, മരിച്ചാല്‍ ഞാന്‍ ഒരു പോരാളിയാണ്. തീരുമാനിച്ചാല്‍ ഞാന്‍ മുഖ്യമന്ത്രിയും.. കുമ്ബിടുന്നതുകൊണ്ട് അടിമകളാകുമോ ? കിരീടം ത്യജിച്ചാല്‍ നഷ്ടപ്പെടുന്നവനാകുമോ ? അവരെ വിഡ്ഡികളെന്ന് എഴുതിത്തള്ളുന്നത് മണ്ടത്തരമാണ്. തിരഞ്ഞിട്ടില്ലാത്ത പാതകള്‍ നമുക്ക് ഒരിക്കലും ദൃശ്യമാകില്ല. സുഹൃത്തേ എന്നോടൊപ്പം വരൂ, മതഭ്രാന്തിനെയും അന്ധവിശ്വാസത്തെയും ഒഴിവാക്കാന്‍ ശ്രമിക്കുന്നവനാണ് നേതാവ്..” ഈ കവിതയിൽ ഒന്നും മനസ്സിലാകുന്നിലെന്നും, രജനികാന്തിനെപ്പോലെ കമലും ഒന്നും വിട്ടുപറയാതെ കളിക്കുകയാണെന്നുമാണ് ചില രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.
