നടി ശരണ്യ ശശിക്ക് വീണ്ടും ബ്രെയിന്‍ ട്യൂമര്‍: ഏഴാമത്തെ ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുന്നു, പ്രാര്‍ത്ഥനയോടെ ആരാധകര്‍

  • Post category:news
  • Reading time:1 min read
You are currently viewing നടി ശരണ്യ ശശിക്ക് വീണ്ടും ബ്രെയിന്‍ ട്യൂമര്‍: ഏഴാമത്തെ ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുന്നു, പ്രാര്‍ത്ഥനയോടെ ആരാധകര്‍

നടി ശരണ്യ ശശിയെ ക്യാന്‍സര്‍ എന്ന മാരകരോഗം വീണ്ടും വരിഞ്ഞുമുറുക്കുന്നു. വളരെ ഗുരുതരമായി തുടരുകയാണ് ശരണ്യയിപ്പോള്‍ എന്ന് സാമൂഹ്യപ്രവര്‍ത്തകന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്നു. ആറുവര്‍ഷം മുമ്പ് ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച ശരണ്യ എല്ലാം അതിജീവിച്ച് നല്ലൊരു ജീവിതത്തിലേക്ക് എത്തിയതായിരുന്നു. എന്നാല്‍, വീണ്ടും ക്യാന്‍സര്‍ ശരണ്യയെ തളര്‍ത്തി. ഇപ്പോള്‍ ഏഴാമത്തെ ശസ്ത്രക്രിയയ്ക്കുള്ള തയ്യാറെടുപ്പിലാണ് ശരണ്യ.

സന്മനസ്സുള്ളവര്‍ അവരെ സാമ്പത്തികമായി സഹായിക്കണമെന്ന് സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും പറയുന്നുണ്ട്. ചലച്ചിത്ര രംഗത്തെ സുഹൃത്തുക്കളില്‍ ചിലര്‍ ശരണ്യയെ കാണാന്‍ ചെല്ലാറുണ്ട്. നടി സീമ ജി നായര്‍ പറയുന്നതിങ്ങനെ…

പല കലാകാരന്മാര്‍ക്കും അവരുടെ താരപ്രഭയില്‍ കൂടെ നില്‍ക്കാന്‍ ഒരുപാട് പേര്‍ ഉണ്ടാകും. എന്നാല്‍ ഒരപകടം വന്നാലോ അസുഖം വന്നാലോ തിരിഞ്ഞുനോക്കാന്‍ പോലും പിന്നീട് ആരും വന്നെന്ന് വരില്ല. ശരണ്യയുടെ ഇപ്പോഴത്തെ അവസ്ഥയും അത്തരത്തില്‍ തന്നെ. ശരണ്യയ്ക്ക് ആറുവര്‍ഷം മുമ്പ് ട്യൂമര്‍ വന്നിരുന്നു. അന്നൊക്കെ കലാകാരന്മാര്‍ സഹായിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ഓരോ വര്‍ഷവും ബ്രെയിന്‍ ട്യൂമര്‍ അതിന്‍റെ മൂര്‍ദ്ധന്യാവസ്ഥയില്‍ വരുകയും, ഓരോ തവണയും ആശുപത്രിയില്‍ എത്തി ഓപ്പറേഷന്‍ ചെയ്യുകയുമാണ്.

ഏഴ് മാസം മുമ്പാണ് അവസാനമായി ഓപ്പറേഷന്‍ നടത്തിയത്. അത് ആറാമത്തെ സര്‍ജറി ആയിരുന്നു. ഇപ്പോള്‍ ഏഴ് മാസത്തിനു ശേഷം ഏഴാമത്തെ സര്‍ജറിക്കായി ശരണ്യ പോകുകയാണ്. ഇത് കുറച്ച് ക്രിട്ടിക്കല്‍ ആണ്. ഒരുവശം ഏകദേശം തളര്‍ന്നുപോകുന്ന അവസ്ഥയിലേയ്ക്ക് എത്തിയിരിക്കുന്നു. എന്നെപ്പോലെ കലാരംഗത്തുള്ള മറ്റുള്ളവര്‍ ഓരോ ഓപ്പറേഷനും അവളെ സഹായിച്ചിട്ടുണ്ട്. എന്നാല്‍ ഓരോ വര്‍ഷവും വരുന്ന ഈ അസുഖത്തില്‍ എല്ലാവര്‍ക്കും സഹായിക്കാന്‍ പരിമിതകളുണ്ടാകും. അവളായിരുന്നു ആ കുടുംബത്തിന്‍റെ അത്താണി. അവളിലൂടെയാണ് ആ കുടുംബം കഴിഞ്ഞുപോയിരുന്നതെന്ന് സീമ ജി. നായര്‍ പറഞ്ഞു.

ചാക്കോ രണ്ടാമന്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ശരണ്യ ടെലിവിഷന്‍ സീരയലുകളിലൂടെയാണ് ശ്രദ്ധനേടിയത്. ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ മാര്‍ച്ച് 12 എന്നിവയാണ് പ്രധാനചിത്രങ്ങള്‍. ആന്‍മരിയ കലിപ്പിലാണ് എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്. നിരവധി സീരയിലിലൂടെ കുടുംബപ്രേക്ഷകര്‍ക്ക് പരിചിതയാണ് ശരണ്യ.

0Shares