നടി വിദ്യാബാലന്‍ ‘ആരാധകന്റെ’ കരണത്ത് കൈവെച്ചു

  • Post category:news
  • Reading time:1 min read
You are currently viewing നടി വിദ്യാബാലന്‍ ‘ആരാധകന്റെ’ കരണത്ത് കൈവെച്ചു

കൊല്‍ക്കത്ത: കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വെച്ച് അനുവാദമില്ലാതെ ശരീരത്തില്‍ സ്പര്‍ശിച്ച് സെല്‍ഫി പകര്‍ത്താന്‍ ശ്രമിച്ച ആരാധകനു നേരെ പൊട്ടിത്തെറിച്ച് നടി വിദ്യാ ബാലന്‍. വിദ്യയുടെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം ‘ബീഗം ജാനി’ന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളുമായി ബന്ധപ്പെട്ടാണ് ചിത്രത്തിന്റെ നിര്‍മ്മാതാവിനും സംവിധായകന്‍ സിരിജിത്ത് മുഖര്‍ജിയോടും ഒപ്പം താരം കൊല്‍ക്കത്ത വിമാനത്താവളത്തിലെത്തിയത്. സെല്‍ഫി എന്ന ആവശ്യവുമായി ഒരു ആരാധകന്‍ താരത്തെ സമീപിച്ചതോടെയാണ് കാര്യങ്ങള്‍ കൈവിട്ടു പോയത്. ചിത്രം പകര്‍ത്താന്‍ വിദ്യ ആദ്യം അനുവാദം നല്‍കിയെങ്കിലും പിന്നീട് ആരാധകന്‍ വിദ്യയോട് ചേര്‍ന്നു നില്‍ക്കുകയും തോളില്‍ കൈവയ്ക്കുകയുമായിരുന്നു. എന്നാല്‍ ഇത് വിലക്കിയതോടെ ആരാധകന്‍ കൈ എടുത്തുമാറ്റി. വീണ്ടും സെല്‍ഫി പകര്‍ത്തുന്നതിനിടെയാണ് ആരാധകന്റെ കൈ വീണ്ടും വിദ്യയുടെ തോളില്‍ സ്പര്‍ശിച്ചത്. ഇതോടെ താരത്തിന്റെ ക്ഷമയുടെ പരിധിവിട്ടു.

തുടര്‍ന്ന് വിദ്യ ആരാധകന്റെ കരണം നോക്കി ഒന്ന് ആഞ്ഞുവീശി. ഞാനൊരു പബ്ലിക് ഫിഗര്‍ ആണെന്ന് കരുതി പൊതുസ്വത്താണെന്ന് വിചാരിക്കേണ്ടയെന്നു പറഞ്ഞ് വിദ്യ അയാളോട് പൊട്ടിത്തെറിച്ചു. സംഗതി അത്ര പന്തിയല്ലെന്ന് കണ്ട് ആരാധകന്‍ വിഷണ്ണനായി അവിടെ നിന്നും പിന്‍വലിഞ്ഞു. ‘ഒരാളുടെ സ്വകാര്യതയില്‍ അതിക്രമിച്ചു കയറാന്‍ മറ്റൊരാള്‍ക്ക് അവകാശമില്ല. അനുവാദമില്ലാതെ ഒരാള്‍ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചാല്‍ ഒരു സ്ത്രീയ്ക്കാണെങ്കിലും പുരുഷനാണെങ്കിലും ദേഷ്യം വരിക സ്വാഭാവികമാണ്’- വിദ്യാ ബാലന്‍ പറഞ്ഞു. ആരാധകരുടെ ആഭാസത്തരങ്ങള്‍ ഏറ്റ് വാങ്ങാനുള്ള പൊതു സ്വത്തല്ല നടിമാര്‍ എന്ന കാര്യം ദയാപൂര്‍വ്വം എല്ലാവരും മനസിലാക്കിയാല്‍ നന്നെന്ന് വിദ്യ ബാലന്‍ ഈ അനിഷ്ട സംഭവത്തെക്കുറിച്ച് ഒരു ഓണ്‍ലൈന്‍ മാധ്യമവുമായുള്ള സംഭാഷണത്തില്‍ പരാമര്‍ശിച്ചു.

0Shares