തിരുവനന്തപുരം: പ്രശസ്ത യുവനടി മേഘ മാത്യുവിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. മേഘ സഞ്ചരിച്ച കാര്‍ മറ്റൊരു കാറില്‍ ഇടിച്ച് തല കീഴായി മറിയുകയായിരുന്നു. എറണാകുളം മുളന്തുരത്തിക്ക് സമീപമായിരുന്നു സംഭവം. എറണാകുളത്ത് നിന്നും സഹോദരന്റെ വിവാഹനിശ്ചയത്തില്‍ പങ്കെടുക്കാന്‍ കോട്ടയത്തെ വീട്ടിലേക്ക് പോവുകയായിരുന്നു മേഘ. കനത്ത മഴയില്‍ എതിരെ വന്ന ഒരു കാറില്‍ മേഘയുടെ കാര്‍ ഇടിച്ച് മറിയുകയായിരുന്നു. ആ കാര്‍ നിര്‍ത്താതെ പോവുകയും ചെയ്തു. മേഘ മാത്രമായിരുന്നു കാറിനുള്ളില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് ഒരു മണിക്കൂറോളം മേഘയ്ക്ക് കാറില്‍ നിന്ന് പുറത്തിറങ്ങാനായില്ല. 
വിവരം അറിഞ്ഞ് നാട്ടുകാര്‍ ഓടി കൂടിയെങ്കിലും നടിയെ രക്ഷിക്കാന്‍ ആരും ശ്രമിച്ചില്ല. തുടര്‍ന്ന് സ്ഥലത്തെത്തിയ ഒരു ഫോട്ടോഗ്രാഫറാണ് മേഘയെ ആശുപത്രിയില്‍ എത്തിച്ചത്. കൈയിലെ ചതവൊഴിച്ചാല്‍ മറ്റു പരുക്കൊന്നും സംഭവിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ടോവിനോയുടെ ഒരു മെക്സിക്കന്‍ അപാരത എന്ന ചിത്രത്തിലൂടെയാണ് മേഘ സിനിമയില്‍ എത്തിയത്. മോഹന്‍ലാലിന്റെ നീരാളി, ആസിഫ് അലിയുടെ മന്ദാരം എന്നിവയാണ് മേഘയുടെ മറ്റ് ചിത്രങ്ങള്‍.