കൊച്ചി: പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. സംഭവം നടന്ന ദിവസം നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നടി സഞ്ചരിച്ച കാറിനെ പിന്തുടര്‍ന്നത് മൂന്നു വാഹനങ്ങളെന്ന് പോലീസിനു വിവരം ലഭിച്ചു. ദേശീയപാതയില്‍ സ്വകാര്യ വ്യക്തികള്‍ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകളില്‍ ഈ വാഹനങ്ങള്‍ പതിഞ്ഞിട്ടുണ്ട്. സുനില്‍കുമാര്‍ സഞ്ചരിച്ച വാഹനത്തിനു പിന്നിലും നടി സഞ്ചരിച്ച കാറിനു മുന്നിലുമായാണ് ഇവ നീങ്ങിയത്. കേസില്‍ സുനിലിനൊപ്പം അറസ്റ്റിലായ ഗുണ്ടകള്‍ക്കു മറ്റു രണ്ടു വാഹനങ്ങളെ കുറിച്ച് അറിവില്ലായിരുന്നു.

എന്നാല്‍ ഒരു വാഹനം മാത്രമാണ് നടിയെ പിന്തുടര്‍ന്നതെന്ന മൊഴിയാണ് മുഖ്യപ്രതിയായ പള്‍സര്‍ സുനി നല്‍കിയതും. അറസ്റ്റിലായ മറ്റുപ്രതികള്‍ക്കും ഈ രണ്ടു വാഹനങ്ങളെക്കുറിച്ച് അറിയില്ല. എന്നാല്‍ പള്‍സര്‍ സുനിക്ക് ഇതിനെക്കുറിച്ച് അറിയുമോ എന്നുളള പരിശോധനയിലാണ് പോലീസ്. ഇതിലൊരു വാഹനത്തിന്റെ നമ്പര്‍ കണ്ടെത്തിയതായും വിവരങ്ങളുണ്ട്. വാഹനങ്ങളുമായി ബന്ധപ്പെട്ട അന്വേഷണം വഴി സംഭവത്തില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ പുറത്തുകൊണ്ടുവരാനാകുമെന്നാണ് പോലീസ് കരുതുന്നത്.