കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ പള്‍സര്‍ സുനിയുടെ അഭിഭാഷകനും ഭാര്യയും സാക്ഷികളാകുമെന്ന് സൂചന. നടിയെ ആക്രമിച്ച ശേഷം മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നതിനായി പള്‍സര്‍ സുനി സമീപിച്ച അഭിഭാഷകനും ഭാര്യയുമാണ് കേസില്‍ സാക്ഷികളാകുന്നത്. നടിയെ ആക്രമിച്ച ശേഷം പകര്‍ത്തിയ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറികാര്‍ഡ് സുനി അഭിഭാഷകനെ ഏല്‍പ്പിക്കുന്ന സമയത്ത് അഭിഭാഷകന്റെ ഭാര്യയും ഉണ്ടായിരുന്നതിനാലാണ് ഇവരെയും സാക്ഷികളാക്കുന്നത്. 
നടിയെ ആക്രമിച്ചതിന്റെ പിറ്റേന്നാണ് പ്രതികളായ സുനില്‍ കുമാര്‍, മണികണ്ഠന്, വിജീഷ് എന്നിവര്‍ അഭിഭാഷകനെ സമീപിച്ചത്. വക്കാലത്ത് ഒപ്പിട്ട് നല്‍കുകയും മൊബൈല്‍ ഫോണും നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറികാര്‍ഡും അഭിഭാഷകന് കൈമാറുകയും ചെയ്തു. മെമ്മറികാര്‍ഡില്‍ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുണ്ടെന്ന വാര്‍ത്ത പ്രചരിച്ചതിനെ തുടര്‍ന്ന് മെമ്മറികാര്‍ഡ് അഭിഭാഷകന് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. കോടതി മെമ്മറികര്ഡ് തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. മെമ്മറികാര്‍ഡില്‍ നിന്ന് ദൃശ്യങ്ങള്‍ കണ്ടെത്തി എന്നറിയുന്നു.