കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് 4 പേരെ അറസ്റ്റ് ചെയ്‌തെങ്കിലും, ഇവര്‍ക്ക് പിന്നില്‍ ചില ഉന്നതരുണ്ടായിരുന്നെന്ന് പോലീസ് സംശയിക്കുന്നത് പോലെ കേരളത്തിലെ പൊതു സമൂഹവും അത്തരത്തില്‍ സംശയിക്കുന്നു. പള്‍സര്‍ സുനിയുടെ ഫോണ്‍കോളുകള്‍ പരിശോധിച്ചപ്പോള്‍
സിനിമാ മേഖലയിലുള്ള പല ഉന്നതരും സുനിയുമായി സംസാരിച്ചതിന്റെ തെളിവുകള്‍ ലഭിച്ചതായാണ് സൂചന. സിനിമാ മേഖലയ്ക്കുള്ളിലോ പുറത്തോ നടിയുമായി കൂടുതല്‍ ശത്രുത ഉള്ളവര്‍ ആരെങ്കിലും ഉണ്ടായിരുന്നോ എന്നതും അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടും. നടിയെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് നടന്നതെന്ന് പൊതുവേ പലരും പറയുന്നുണ്ടെങ്കിലും സംഭവത്തിനു പിന്നില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടാകാമെന്നാണ് ബലമായ സംശയം. പ്രതികളുടെ ഫോണ്‍കോളുകള്‍ പരിശോധിച്ചപ്പോള്‍ അത്തരത്തിലുള്ള സംശയമാണ് ഉയര്‍ന്നു പൊങ്ങിയത്.

ചില തല്‍പ്പര കക്ഷികള്‍ മനഃപൂര്‍വ്വം നടിയെ ഇല്ലായ്മ ചെയ്യാന്‍ നടത്തിയ ശ്രമമാണ് ഇതെന്നും സംശയിക്കേണ്ടതാണ്. നടിയെ ഫിലിം ഇന്‍ഡസ്ട്രിയില്‍ നിന്ന് അടര്‍ത്തിമാറ്റാനുള്ള നീക്കം നടന്നതായും സംശയിക്കേണ്ടിയിരിക്കുന്നു. ഇത് ഒരു ഒറ്റപ്പെട്ട സംഭവമായി ചിത്രീകരിച്ച് കേസ് വഴി തിരിച്ച് വിടാന്‍ ഉന്നതങ്ങളില്‍ ശ്രമം നടക്കുമോ എന്ന് ഇപ്പോള്‍ പൊതുജനം സംശയിക്കുന്നുണ്ട.് ഇനിയും ചുരുളഴിയാനുള്ള നിരവധി രഹസ്യങ്ങള്‍ ഈ സംഭവവുമായി ബന്ധപ്പെട്ട് ഒളിഞ്ഞിരിപ്പുണ്ട്. അപ്രത്യക്ഷനായ പള്‍സര്‍ സുനിയെ പിടികൂടുന്നതോടു കൂടി മാത്രമേ സംഭവത്തിന്റെ യഥാര്‍ത്ഥ ചിത്രം വെളിപ്പെടുകയുള്ളു. ആളും അര്‍ത്ഥവും സ്വാധീനവും ഉപയോഗിച്ച് ഈ കേസ് തേച്ചു മായിക്കാന്‍ ഇടവരരുതേയെന്നാണ് കേരളത്തിലെ പൊതു സമൂഹം ആഗ്രഹിക്കുന്നത.് യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തുകയും സംഭവത്തിന് പിന്നിലെ കാര്യ കാരണങ്ങള്‍ പുറത്തു വരികയും പ്രതികള്‍ മാതൃകാ പരമായി ശിക്ഷിക്കപ്പെടുകയും ചെയ്യുമ്പോള്‍ മാത്രമേ നീതിയും നിയമവും നേരാം വണ്ണം ഉണര്‍ന്നു പ്രവര്‍ത്തിച്ചുവെന്ന് നമുക്ക് അവകാശപ്പെടാന്‍ സാധിക്കുകയുള്ളു. വരും ദിനങ്ങളാണ് അതിന് മറുപടി പറയേണ്ടത്.