
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി നാദിര്‍ഷയുടെ അറസ്റ്റ് തടയില്ലെന്ന് വ്യക്തമാക്കി. അറസ്റ്റ് തടയണമെന്ന ഉത്തരവ് പുറപ്പെടുവിപ്പിക്കാനോ അറസ്റ്റ് പാടില്ലെന്ന് അന്വേഷണ സംഘത്തോട് ഈ ഘട്ടത്തില്‍ പറയാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് പോലീസിന് ഉചിതമായ തീരുമാനം കൈകൊള്ളാമെന്നും കോടതി അറിയിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ സംബന്ധിച്ച വിശദമായ വാദം ഈ മാസം 13ലേക്ക് കോടതി മാറ്റുകയും ചെയ്തു.

നാദിര്‍ഷയ്ക്ക് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നതിനെ എതിര്‍ക്കുകയാണെന്ന് പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞു. ഇത് സംബന്ധിച്ച് രേഖമൂലമുള്ള വിശദീകരണം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് ആരാഞ്ഞിട്ടുണ്ട്. പോലീസ് തന്നെ ഭീഷണിപ്പെടുത്തുകയാണന്നും അറസ്റ്റ് ചെയ്തേക്കുമെന്ന ആശങ്കയുണ്ടെന്നും. ചൂണ്ടിക്കാട്ടി ഇന്നലെയാണ് നാദിര്‍ഷ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
പ്രതികളെ സഹായിക്കുന്ന രീതിയില്‍ നാദിര്‍ഷ തെളിവുകള്‍ നശിപ്പിച്ചു എന്നാണ് പോലീസിന്റെ കണ്ടത്തല്‍. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനായി വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് നാദിര്‍ഷയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നെഞ്ചുവേദനയാണന്ന് പോലീസിനെ അറിയിച്ച നാദിര്‍ഷ, കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടുകയും ചെയ്തു. ഇതിനിടെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.
