കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം സമര്‍പ്പിച്ചു. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ്
650 പേജുള്ള കുറ്റപത്രംസമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ ആകെ 12 പ്രതികളാണുള്ളത്. 11 കുറ്റങ്ങളാണ് ആകെ ചുമത്തിയിരിക്കുന്നത്. നടന്‍ ദിലീപ് കേസിലെ എട്ടാം പ്രതിയാണ്. ദിലീപിന്റെ മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യര്‍ ആണ് കേസിലെ പ്രധാന സാക്ഷി. ആദ്യ കുറ്റപത്രത്തിലെ ഏഴ് പ്രതികളെ അതേപടി നിലനിര്‍ത്തിയിട്ടുണ്ട്. കൃത്യം നടത്തിയവരും ഒളിവില്‍ പോകാന്‍ സഹായിച്ചവരുമാണ് ആദ്യ കുറ്റപത്രത്തിലുളളത്. ദിലീപ്, അഭിഭാഷകരായ പ്രദീഷ് ചാക്കോ, രാജു ജോസഫ്, മുഖ്യപ്രതി സുനില്‍കുമാറിന്റെ സഹതടവുകാരനായിരുന്ന വിഷ്ണു എന്നിവരെയാണ് പുതുതായി അനുബന്ധ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയത്. ജയിലില്‍ നിന്ന് കത്തെഴുതി നല്‍കിയ വിപിന്‍ലാലും, പൊലീസുകാരന്‍ അനീഷും കേസില്‍ മാപ്പുസാക്ഷികളാകും. സിനിമാ മേഖലയില്‍ നിന്ന് മാത്രം 50 സാക്ഷികളാണുള്ളത്. കുറ്റസമ്മത മൊഴികള്‍, സാക്ഷിമൊഴികള്‍, കോടതി മുമ്പാകെ നല്‍കിയ രഹസ്യ മൊഴികള്‍, ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍, സൈബര്‍ തെളിവുകള്‍, നേരിട്ടുള്ള തെളിവുകള്‍, സാഹചര്യ ത്തെളിവുകള്‍ എന്നിവ പട്ടികയാക്കി പ്രത്യേക ഫയലുകളാക്കിയാണ് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്. ദിലീപും സുനിയും മാത്രമാണ് ഗൂഡാലോചനയില്‍ നേരിട്ട് പങ്കെടുത്തതെന്നാണ് കണ്ടെത്തല്‍. സിനിമാ മേഖലയില്‍ നിന്നുളള പ്രമുഖരടക്കം മൂന്നൂറ്റമ്പതോളം പേരെ കേസില്‍ സാക്ഷികളാക്കിയിട്ടുണ്ട്.
മൊബൈല്‍ ഫോണ്‍ രേഖകളടക്കം 450 രേഖകള്‍ തെളിവായി ഹാജരാക്കുന്നുണ്ട്. മുന്‍പ് ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ദിലീപിനെ ഒന്നാം പ്രതിയാക്കിയാല്‍ കേസ് നിലനില്‍ക്കില്ലെന്ന നിയമോപദേശം ലഭിച്ചതിനാല്‍ അന്വേഷണ സംഘം ആ തീരുമാനം മാറ്റുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ദിലീപിനെ എട്ടാം പ്രതിയാക്കുന്നത്. വിദേശത്ത് പോകാന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം അനുമതി നല്‍കിയ സാഹചര്യത്തിലാണ് കുറ്റപത്രം എത്രയും പെട്ടെന്ന് സമര്‍പ്പിക്കാനുള്ള തീരുമാനത്തിലേക്ക് അന്വേഷണ സംഘം എത്തിയത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഹൈക്കോടതിയിലെത്തി ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷനെ കണ്ടിരുന്നു. ഇതുവരെ അന്വേഷണ സംഘം വെളിപ്പെടുത്താത്ത ചില നിര്‍ണ്ണായക വിവരങ്ങളും കുറ്റപത്രത്തില്‍ ഉണ്ടെന്നാണ് സൂചന. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളകളില്‍ മുദ്രവച്ച കവറില്‍ കോടതിയില്‍ നേരിട്ട് സമര്‍പ്പിച്ചിരുന്ന വിവരങ്ങളാണിത്. കൂട്ടമാനഭംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, തെളിവു നശിപ്പിക്കല്‍, പ്രതിയെ സംരക്ഷിക്കല്‍, തൊണ്ടി മുതല്‍ സൂക്ഷിക്കല്‍, ഭീഷണി, അന്യായമായി തടങ്കലില്‍ വയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ദിലീപിനെതിരെ ചുമത്തും.
നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം സമര്‍പ്പിച്ചു; നടന്‍ ദിലീപ് കേസിലെ എട്ടാം പ്രതി, മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യര്‍ കേസിലെ പ്രധാന സാക്ഷി