നടിയും നാടക പ്രവര്‍ത്തകയുമായ തൊടുപുഴ വാസന്തി അന്തരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing നടിയും നാടക പ്രവര്‍ത്തകയുമായ തൊടുപുഴ വാസന്തി അന്തരിച്ചു

നടിയും നാടക പ്രവര്‍ത്തകയുമായി തൊടുപുഴ വാസന്തി അന്തരിച്ചു. തൊണ്ടയിലെ ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. പുലർച്ചെ വാഴക്കുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രമേഹരോഗം ബാധിച്ചതിനെ തുടര്‍ന്ന് വലതു കാല്‍ മുറിച്ചുമാറ്റിയിരുന്നു. നാടക നടന്‍ അച്ഛന്‍ രാമകൃഷ്ണന്‍ നായരുടെ ബാലെ ട്രൂപ്പിലൂടെയായിരുന്നു അഭിനയ ലോകത്തേക്കുള്ള ആദ്യ ചുവടുവെപ്പ്.വളരെ ചെറുപ്പത്തിലേ നാടകത്തിലും ബാലെ ട്രൂപ്പുകളിലും അഭിനയ ജീവിതം തുടങ്ങി.പീനല്‍കോഡ്’ എന്ന നാടകത്തില്‍ അഭിനയിക്കവെ അടൂര്‍ ഭവാനിയാണ് തൊടുപുഴ വാസന്തി എന്ന പേരു വിളിച്ചത്.

കെ.ജി ജോര്‍ജ്ജിന്റെ ‘യവനിക’, അതിലെ രാജമ്മ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ ഒട്ടേറെ വേഷങ്ങള്‍ വാസന്തിയെ തേടിയെത്തി. ആലോലം, കാര്യം നിസ്സാരം, ഗോഡ് ഫാദര്‍, നവംബറിന്റെ നഷ്ടം തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. റേഡിയോ നാടക രംഗത്തും അവര്‍ സജീവമായിരുന്നു.

തൊടുപുഴ വാസന്തിയെ സഹായിക്കാന്‍ ഒരുങ്ങി മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമെന്‍ ഇന്‍ സിനിമ കളക്ടീവ് രംഗത്തെത്തിയിരുന്നു. രോഗബാധിതയായ ദയനീയ അവസ്ഥയില്‍ കഴിയുന്ന വാസന്തിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നതിന് തൊട്ടുപിന്നാലെയാണ് ഡബ്ല്യൂസിസി സഹായവുമായി രംഗത്ത് വന്നത്.

450 ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 16ഓളം ടെലിവിഷന്‍ പരമ്പരകളിലും 100ലധികം നാടകങ്ങളിലും അഭിനയിച്ചു. നാടകാഭിനയത്തിന് സര്‍ക്കാര്‍ പുരസ്‌കാരവും ക്രിട്ടിക്‌സ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് തൊടുപുഴ മണക്കാട്ടെ സഹോദരന്റെ വസതിയില്‍ നടക്കും.

0Shares