നടന്‍ ദിലീപിന് വിദേശയാത്രയ്ക്ക് കോടതി അനുമതി നല്‍കി

  • Post category:news
  • Reading time:1 min read
You are currently viewing നടന്‍ ദിലീപിന് വിദേശയാത്രയ്ക്ക് കോടതി അനുമതി നല്‍കി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിചേര്‍ക്കപ്പെട്ട നടന്‍ ദിലീപിന് കോടതി വിദേശയാത്രയ്ക്ക് അനുമതി നല്‍കി. സിനിമയുടെ ചിത്രീകരണത്തിനായി വിദേശത്ത് പോകുന്നതിനാണ് കോടതി അനുവാദം നല്‍കിയത്. എറണാകുളം അഡിഷണല്‍ സെഷന്‍സ് കോടതിയാണ് അനുമതി നല്‍കിയത്.ചിത്രീകരണത്തിനായി ഈ മാസം 15 മുതല്‍ ജനുവരി അഞ്ചു വരെ ബാങ്കോക്കിലേക്കു പോകാനാണ് ദിലീപ് അനുവാദം ചോദിച്ചത്. പ്രശസ്ത ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന ‘പ്രൊഫസര്‍ ഡിങ്കന്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനു വേണ്ടിയാണ് ദിലീപിന്റെ യാത്ര. റാഫി തിരക്കഥ എഴുതുന്ന ചിത്രത്തില്‍ നമിത പ്രമോദ്, അജു വര്‍ഗ്ഗീസ്, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.നടിയെ ആക്രമിച്ച കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ദിലീപ് അടക്കമുള്ളവര്‍ ആസൂത്രിതമായി കേസിന്റെ വിചാരണ നീട്ടിവയ്ക്കുന്നു എന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. കുറ്റപത്രം സമര്‍പ്പിച്ച് ഒരു വര്‍ഷമായിട്ടും ഇതുവരെ വിചാര തുടങ്ങിയിട്ടില്ല. കേസിലെ പ്രധാന സാക്ഷികളില്‍ പലരും സിനിമാരംഗത്ത് നിന്ന് തന്നെയുള്ളവരാണ്. ചിത്രീകരണത്തിന്റെ പേരില്‍ നടത്തുന്ന ഇത്തരം യാത്രകള്‍ സാക്ഷികളെ സ്വാധീനിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഈ വാദം തള്ളിയാണ് ദിലീപിന് കോടതി അനുമതി നല്‍കിയിരിക്കുന്നത്.യാത്രയ്ക്കു മുന്‍പ് യാത്ര സംബന്ധിച്ച വിശദാംശങ്ങള്‍ ഹാജരാക്കണം. എവിടെ താമസിക്കുന്നു, ബാങ്കോക്കില്‍ എവിടെയൊക്കെ യാത്ര ചെയ്യുന്നു, കൂടെയുള്ളത് ആരൊക്കെയാണ് തുടങ്ങിയ വിവരങ്ങള്‍ കോടതിയെ അറിയിച്ച ശേഷമേ യാത്ര ചെയ്യാവൂ എന്നും കോടതി ദിലീപിനോട് പറഞ്ഞിട്ടുണ്ട്.

0Shares