
ചെന്നൈ: നടന്‍ ചിമ്പുവിനോട് 85.50 ലക്ഷം രൂപ സെക്യൂരിറ്റി തുക കെട്ടാന്‍ കോടതി ഉത്തരവ്. നിര്‍മ്മാതാക്കളുടെ പരാതിയെതുടര്‍ന്നാണ് മദ്രാസ് ഹൈക്കോടതിയുടെ ഈ ഉത്തരവ്. അഡ്വാന്‍സ് വാങ്ങിയ ശേഷം സിനിമയില്‍ അഭിനയിക്കാതിരുന്ന താരം നാല് ആഴ്ചയ്ക്കുള്ളില്‍ 85.50 ലക്ഷം കോടതില്‍ അടയ്ക്കണം. തുക അടച്ചില്ലെങ്കില്‍ താരത്തിന്റെ വീട്ടിലെ ടിവി, ഫ്രിഡ്ജ്, മിക്‌സി, എസി, ഡൈനിങ് ടേബിള്‍ എന്നിവയടക്കമുള്ള വസ്തുക്കള്‍ പിടിച്ചെടുക്കുമെന്നും കോടതി താക്കീത് നല്‍കി. നിര്‍മാതാക്കളായ പാഷന്‍ മൂവി മേക്കേഴ്‌സിന്റെ പരാതിയില്‍ ജസ്റ്റിസ് എം. ഗോവിന്ദ്രാജ് ആണ് ഉത്തരവിട്ടത്.
‘അരസന്‍’ എന്ന സിനിമയ്ക്ക് ചിമ്പു നിര്‍മാതാക്കളില്‍ നിന്ന് 50 ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങിയിരുന്നു. പിന്നീട് ചിത്രത്തില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമില്ലെന്ന് അറിയിച്ച ചിമ്പു പ്രതിഫലം തിരികെ നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് ഇവര്‍ കോടതിയെ സമീപിച്ചത്. ചിമ്പുവിന്റെ നടപടി തങ്ങള്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് വരുത്തിയിരിക്കുന്നതെന്നാണ് നിര്‍മ്മാതാക്കളുടെ പരാതി. അഡ്വാന്‍സ് വാങ്ങിയ അന്‍പതു ലക്ഷവും അതിന്റെ പലിശയായ 35.50 ലക്ഷം ഉള്‍പ്പെടെയാണ് 85 ലക്ഷം രൂപ അടയ്ക്കാന്‍ കോടതി ഉത്തരവിട്ടത്. കേസില്‍ നിരപരാധിത്വം തെളിയാക്കാനുള്ള യാതൊരു രേഖകളും ചിമ്പുവിന്റെ ഭാഗത്തുനിന്നും ഹാജരാക്കിട്ടില്ല.