നടന്‍ കലാശാല ബാബു അന്തരിച്ചു; നഷ്ടമായത് വില്ലന്‍ വേഷത്തിലൂടെ ജനഹൃദയങ്ങള്‍ കീഴടക്കിയ അഭിനയപ്രതിഭ

  • Post category:news
  • Reading time:1 min read
You are currently viewing നടന്‍ കലാശാല ബാബു അന്തരിച്ചു; നഷ്ടമായത് വില്ലന്‍ വേഷത്തിലൂടെ ജനഹൃദയങ്ങള്‍ കീഴടക്കിയ അഭിനയപ്രതിഭ

കൊച്ചി: നടന്‍ കലാശാല ബാബു അന്തരിച്ചു. 68 വയസ്സായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ച് കാലമായി ചികിത്സയിലായിരുന്നു. തൃപ്പൂണിത്തുറ മില്‍മ ജങ്ഷന് സമീപം റോയല്‍ അപ്പാര്‍ട്ടുമെന്റിലായിരുന്നു താമസം. കലാമണ്ഡലം കൃഷ്ണന്‍ നായര്‍ മോഹിനിയാട്ട നര്‍ത്തകി കലാമണ്ഡലം കല്ല്യാണി കുട്ടിയമ്മ ദമ്പതികളുടെ മകനായി 1955 ല്‍ ജനിച്ചു. എഴുപതുകളില്‍, കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തില്‍ റേഡിയോ നാടകങ്ങളിലൂടെയാണ് കലാശാല ബാബു കലാരംഗത്തേക്ക് കടക്കുന്നത്. പിന്നീട് രണ്ട് വര്‍ഷം കാളിദാസ കലാകേന്ദ്രത്തില്‍ നാടകനടനായി. ഒ.മാധവന്റെയും കെ.ടി.മുഹമ്മദിന്റെയും സഹപ്രവര്‍ത്തകനായിരുന്നു. ജോണ്‍ പോളിന്റെ ഇണയേത്തേടി (1977) എന്ന സിനിമയിലാണ് കലാശാല ബാബു ആദ്യമായി അഭിനയിക്കുന്നത്. തുടര്‍ന്ന് അദ്ദേഹം തൃപ്പൂണിത്തുറയില്‍ സ്വന്തം നിലയില്‍ കലാശാല എന്ന നാടക ട്രൂപ്പിന് നേതൃത്വം നല്‍കി. നാടക കമ്പനിയുടെ പേര് പിന്നീട് സ്വന്തം പേരിനോടൊപ്പം ചേര്‍ത്തു. തിലകന്‍, സുരാസു, പി.ജെ.ആന്റണി, ശ്രീമൂല നഗരം വിജയന്‍, എന്‍.എന്‍.പിള്ള തുടങ്ങിയ മലയാള നാടക വേദിയിലെ പ്രമുഖരോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. തുടര്‍ന്ന് അന്നത്തെ മറ്റൊരു പ്രധാന നാടകകമ്പനിയായ ചാലക്കുടി സാരഥിയിലും ബാബു പ്രവര്‍ത്തിച്ചിരുന്നു.പല സിനിമകളിലൂടെയും സഹതാരമായും വില്ലനായും തിളങ്ങിയ കലാശാല ബാബു നാടക വേദികളിലൂടെയാണ് ശ്രദ്ധേയനായത്. പിന്നീടാണ് സിനിമയില്‍ അവസരങ്ങള്‍ ലഭിക്കുന്നത്. തുറുപ്പുഗുലാന്‍, കസ്തൂരിമാന്‍, ബാലേട്ടന്‍, പെരുമഴക്കാലം, ടു കണ്‍ട്രീസ്, ചെസ്സ്, പോക്കിരിരാജ, തുടങ്ങീ അമ്പതിലധികം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഏതാണ്ട് 28 ഓളം സീരിയലുകളിലും കലാശാല ബാബു അഭിനയിച്ചിട്ടുണ്ട്.
ഭാര്യ: ലളിത. മക്കള്‍: ശ്രീദേവി (യുഎസ്എ), വിശ്വനാഥന്‍ (അയര്‍ലന്‍ഡ്). മരുമകന്‍: ദീപു (യുഎസ്എ).

0Shares