ധനമന്ത്രി തോമസ് ഐസക്കിന്‍റെ ഓഫീസ് ഇടപെട്ടു; ‘സുഡാനി ഫ്രം നൈജീരിയ’ നടൻ സാമുവൽ റോബിൻസന് അർഹമായ പ്രതിഫലം ലഭിക്കും; ഏഴുലക്ഷം രൂപ നൽകാമെന്ന് നിർമ്മാതാക്കളായ ഹാപ്പി അവേഴ്സ് എന്റർടെയിന്മെന്റ്

  • Post category:news
  • Reading time:2 mins read
You are currently viewing ധനമന്ത്രി തോമസ് ഐസക്കിന്‍റെ ഓഫീസ് ഇടപെട്ടു; ‘സുഡാനി ഫ്രം നൈജീരിയ’ നടൻ സാമുവൽ റോബിൻസന് അർഹമായ പ്രതിഫലം ലഭിക്കും; ഏഴുലക്ഷം രൂപ നൽകാമെന്ന് നിർമ്മാതാക്കളായ ഹാപ്പി അവേഴ്സ് എന്റർടെയിന്മെന്റ്

തിരുവനന്തപുരം: സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിൽ അഭിനയിച്ച നൈജീരിയൻ നടൻ സാമുവൽ റോബിന്‍സനിന് അർഹമായ പ്രതിഫലം ലഭിക്കും. ധനമന്ത്രി തോമസ് ഐസക്കിന്‍റെ ഓഫീസ് ഇടപെട്ടതിനെത്തുടർന്നാണു പ്രശ്നം പരിഹരിക്കപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സുഡാനി ഫ്രം നൈജീരിയ നിര്‍മ്മാതാക്കളില്‍ നിന്നും തനിക്ക് വംശീയ വിവേചനം നേരിട്ടതായും തനിക്ക് ശരിയായ പ്രതിഫലം ലഭിച്ചില്ലെന്നും ആരോപിച്ച് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സാമുവല്‍ റോബിൻസൺ ഫേസ്ബുക്കിലൂടെ ആരോപിച്ചതാണു വിവാദങ്ങൾക്ക് തുടക്കമായത്. വംശീയ വിവേചനം എന്ന ആരോപണം പിന്നീട് പിൻവലിച്ചെങ്കിലും തനിക്ക് ലഭിച്ച പ്രതിഫലം വളരെ കുറവായിരുന്നുവെന്ന നിലപാടിൽ സാമുവൽ ഉറച്ചുനിൽക്കുകയായിരുന്നു.

“ഫുട്ബോള്‍ കളിക്കാരന്‍ സാമുവലിന് നല്‍കിയ ശുശ്രൂഷയും സ്നേഹവും പിന്നെ അവസാനം വിടവാങ്ങല്‍ വേളയില്‍ നല്‍കിയ കമ്മലും വാച്ചുമൊന്നും ഒരു കരാറിന്‍റെയും ഭാഗമായിരുന്നില്ല. പക്ഷെ ഇതൊക്കെ സിനിമയിലേ ഉണ്ടായുള്ളൂ, സിനിമയ്ക്ക് പുറത്തുണ്ടായില്ല എന്നാണ് സാമുവലിന്‍റെ പ്രതിഷേധത്തില്‍ നിന്ന് മനസ്സിലാവുന്നത്.“ എന്നായിരുന്നു ഐസക്ക് ഫെയ്സ്ബുക്കിൽ കുറിച്ചത്. ഈ ഫെയ്സ്ബുക്ക് സ്റ്റാറ്റസ് സാമുവൽ ഷെയർ ചെയ്തതോടെയാണു തോമസ് ഐസക്കിന്‍റെ ഓഫീസ് ഈ പ്രശ്നത്തിൽ ഇടപെട്ടതെന്നാണു സൂചന.


“ഒരു ധനകാര്യമന്ത്രി എന്നനിലയിൽ വളരെയധികം തിരക്കുകളുള്ള ആളായിട്ടും എന്‍റെ പ്രശ്നത്തിൽ അദ്ദേഹം ഇടപെട്ടതിൽ ഞാൻ കൃതാർത്ഥനാണ്. മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടവരും അവരുടെ സുഹൃത്തുക്കളും ഇടനിലക്കാരായി നിന്ന് എന്‍റെ പ്രശ്നം അവതരിപ്പിക്കുകയും ഒരു ഒത്തുതീർപ്പിൽ എത്തിച്ചേരുകയുമായിരുന്നു.” – സാമുവൽ പ്രമുഖ മലയാളം ഓണ്‍ ലൈന്‍ മാധ്യമത്തിനോട് പറഞ്ഞു. തോമസ് ഐസക് ഇടപെട്ടില്ലായിരുന്നെങ്കിൽ ഈ പ്രശ്നം ഒത്തുതീർപ്പാകുമായിരുന്നു എന്ന് താൻ വിശ്വസിക്കുന്നില്ലെന്നും സാമുവൽ പറഞ്ഞു.

നാട്ടില്‍ സാമുവലിന് 4800 ഡോളർ (മൂന്നുലക്ഷം രൂപ) ആയിരുന്നു പ്രതിമാസം ലഭിച്ചുകൊണ്ടിരുന്നത്. ആ നിരക്കിൽ അഞ്ചുമാസത്തേയ്ക്ക് 15 ലക്ഷം രൂപ സാമുവൽ ആവശ്യപ്പെട്ടെങ്കിലും പിന്നീട് ഒത്തുതീർപ്പ് ചർച്ചകൾക്കു ശേഷം ഏഴുലക്ഷം രൂപ നൽകാമെന്ന് നിർമ്മാതാക്കളായ ഹാപ്പി അവേഴ്സ് എന്റർടെയിന്മെന്റ് സമ്മതിക്കുകയായിരുന്നു. സാമുവലിന്‍റെ അക്കൌണ്ടിലേയ്ക്ക് ഈ തുക നിക്ഷേപിച്ചതായാണു അറിയാൻ കഴിയുന്നത്. എന്നാൽ തന്‍റെ അക്കൌണ്ടിൽ പണം എത്തിയ ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയൂ എന്ന് സാമുവൽ പറയുന്നതായി ഈ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

0Shares