ന്യൂഡല്‍ഹി: പ്രണയത്തിന്റെ നിത്യവിസ്മയ സ്മാരകമായി ചരിത്രത്തിന്റെ ഏടുകളില്‍ ഇടംനേടിയ വെണ്ണക്കല്ലില്‍ തീര്‍ത്ത അനുപമ ശില്‍പ സൗന്ദര്യം തുടങ്ങി നൂറായിരം വര്‍ണ്ണനകളുണ്ട് ലോകമഹാദ്ഭുങ്ങളിലൊന്നായ താജ്മഹലിന്. പരിസ്ഥിതി മലിനീകരണത്തിന്റെ ദൂഷ്യഫലങ്ങളാല്‍ ആ വെണ്ണക്കല്‍ ശില്‍പ്പ ഗോപുരത്തിന്റെ സൗന്ദര്യം മാഞ്ഞു കൊണ്ടിരിക്കുകയാണ്.

താജ്മഹലിനെ അത്രമേല്‍ ഇഷ്ടപ്പെടുന്ന ഇന്ത്യക്കകത്തും പുറത്തുമുള്ള അസംഖ്യം ആളുകളെ സംബന്ധിച്ചിടത്തോളം വേദനയുളവാക്കുന്നതാണ് ഇക്കാര്യം. അനശ്വരമായ പ്രണയത്തിന്റെയും കാല്‍പ്പനിക സൗന്ദര്യത്തിന്റെയും സമൃതി കുടീരമായ താജ്മഹലിന് ഒരിക്കലും ഒരു പോറലും സംഭവിക്കരുതേയെന്നാണ് ജനകോടികളുടെ പ്രാര്‍ത്ഥന.പക്ഷേ മനുഷ്യരുടെ അത്യാര്‍ത്തിയുടെയും പ്രകൃതി ചൂഷണത്തിന്റെയും വികലമായ പരിസ്ഥിതി ബോധത്തിന്റെയും പരിണിത ഫലമായി താജ്മഹല്‍ എന്ന വിശ്വമഹാത്ഭുതത്തിന് മങ്ങലേല്‍ക്കുകയാണ്. താജ്മഹലിന്റെ നിറം മാറ്റത്തെ തുടര്‍ന്ന് ദേശീയ ഹരിത ട്രൈബ്യുണല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് ഇരുപത് ലക്ഷം രൂപ പിഴ ചുമത്തിയിരിക്കുകയാണ്. അന്തരീക്ഷത്തിലെ കാര്‍ബണ്‍ പുകപടലവും മാലിന്യങ്ങളും ഇട കലര്‍ന്ന് താജ്മഹലിന് മേല്‍ പതിക്കുന്നതിനെ തുടര്‍ന്നാണ് ഈ നിറം മാറ്റം ഉണ്ടായതെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു.

യമുനാ നദിക്കരയിലെ ആഗ്രയുടെ തീരത്ത് മുനിസിപ്പാലിറ്റി അധികൃതര്‍ ഖര മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നെന്ന എന്‍.ജി.ഒ സംഘടനകളുടെ പരാതിക്ക് വ്യക്തമായ മറുപടി നല്‍കാത്തതിനെ തുടര്‍ന്നാണ് കോടതി പിഴ ചുമത്തിയത്. ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ അധ്യക്ഷനായ ഹരിത ട്രൈബ്യൂണല്‍ ബെഞ്ചാണ് ഉത്തരവിട്ടത്. പരാതിക്ക് മറുപടി നല്‍കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഓരോരുത്തരും ഇരുപതിനായിരം രൂപ പിഴ ഒടുക്കാനും കോടതി നിര്‍ദേശം നല്‍കി.
താജ്മഹലിന് സമീപം പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ അടച്ച് പൂട്ടാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

ഇരുപതിനായിരം മെട്രിക് ടണ്ണിലധികം മാലിന്യങ്ങള്‍ കത്തിക്കുന്നത് മനുഷ്യനും ഹാനികരമാണെന്ന് ഹരിത ട്രൈബ്യൂണല്‍ വ്യക്തമാക്കിയിട്ടുണ്ട്.