ന്യൂഡല്‍ഹി: നോയിഡയില്‍ ഓടുന്ന വാഹനത്തില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായെന്ന വാര്‍ത്ത ഏവരും ഞെട്ടലോടെയാണ് കേട്ടത്. എന്നാല്‍ താന്‍ ബലാത്സംഗത്തിനിരയായിട്ടില്ലെന്ന വാദവുമായി പരാതിക്കാരി തന്നെ രംഗത്തെത്തിയതോടെ പോലിസ് വെട്ടിലായി. കുടുംബ പ്രശ്‌നം കാരണം ദേഷ്യം വന്നതുകൊണ്ടാണ് താന്‍ പരാതി നല്‍കിയതെന്ന് യുവതി പറഞ്ഞതായി നോയിഡ പോലീസ് അറിയിച്ചു. ആദ്യം നല്‍കിയ പരാതി ശരിയല്ലെന്ന് യുവതി രേഖാമൂലം എഴുതി കൊടുത്തതായി നോയിഡ പോലീസ് പി.ആര്‍.ഒ മനീഷ് സക്‌സേന വ്യക്തമാക്കി. വാഹനത്തിലെത്തിയ രണ്ടുപേര്‍ തന്നെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന് ശനിയാഴ്ച ഉച്ചയ്ക്കു ശേഷം രണ്ടിന് യുവതി പരാതി നല്‍കിയ പരാതിയില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സെക്ടര്‍ 39 പോലീസാണ് പരാതി രേഖപ്പെടുത്തിയത്. അന്വേഷണ ഉദ്യോഗസ്ഥന്‍ യുവതിയെ വൈദ്യപരിശോധനയ്ക്ക് അയച്ചെങ്കിലും പരിശോധനയ്ക്ക് വിധേയയാകാതെ ഇവര്‍ വീട്ടിലേക്കു പോവുകയായിരുന്നു. തുടര്‍ന്ന് ഇവരെ വീണ്ടും വൈദ്യപരിശോധനയക്ക് കൊണ്ടുവന്നു.
അപ്പോള്‍ പരിശോധനയ്ക്ക് വിധേയയാകാന്‍ യുവതി വിസമ്മതം പ്രകടിപ്പിക്കുകയും അക്കാര്യം ഡോക്ടര്‍ക്ക് എഴുതി നല്‍കുകയുമായിരുന്നു. തുടര്‍ന്നാണ് താന്‍ നല്‍കിയ പരാതി വ്യാജമാണെന്ന് യുവതി പോലീസിനോട് സമ്മതിച്ചത്. രണ്ടുപേര്‍ക്കെതിരെ ആയിരുന്നു യുവതി പരാതി നല്‍കിയിരുന്നത്. ഭയം കൊണ്ടാണോ യുവതി നിലപാടു മാറ്റിയതെന്നും അന്വേഷിക്കുമെന്നും സക്‌സേന പറഞ്ഞു. ഗോള്‍ഫ് കോഴ്‌സ് റോഡില്‍ വാഹനം കാത്തുനില്‍ക്കുമ്പോള്‍ സ്‌കോര്‍പിയോയില്‍ എത്തിയ രണ്ടുപേര്‍ വഴി ചോദിക്കാനെന്ന വ്യാജേന എത്തുകയും തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നെന്നുമാണ് ആദ്യം യുവതി പരാതിയില്‍ പറഞ്ഞിരുന്നത്. 24 കാരിയായ യുവതി പരാതി പിന്‍വലിച്ചാലും കേസ് നിലനില്‍ക്കുമെന്നും കോടതിയാണ് അന്തിമതീരുമാനമെടുക്കേണണ്ടതെന്നും ജില്ലാ പോലിസ് സൂപ്രണ്ട് അരുണ്‍ കുമാര്‍ സിങ് പറഞ്ഞു. ദേവരിയ സ്വദേശിനിയാണ് യുവതി.