
ന്യൂഡല്‍ഹി: ദേശീയ വനിതാ ഹോക്കി താരം ജ്യോതി ഗുപ്ചയെ(20) റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹരിയാനയിലെ രേവാരിയിലെ റെയില്‍വേ സ്റ്റേഷനു സമീപത്തെ ട്രാക്കില്‍ ബുധനാഴ്ച രാത്രി എട്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയായിരിക്കാമെന്നാണ് പ്രാഥമീക നിഗമനം. ജയ്പൂര്‍-ചണ്ഡീഗഡ് ഇന്റര്‍സിറ്റി എക്സ്പ്രസിന് മുന്നിലേക്കിവര്‍ എടുത്തു ചാടുകയായിരുന്നുവെന്നാണ് ലോക്കോ പൈലറ്റ് പറയുന്നത്. മൊബൈല്‍ ഫോണിന്റെ റിങ് ചെയ്യുന്ന ശബ്ദം കേട്ടാണ് പൊലിസ് എത്തിയതും മൃതദേഹം കണ്ടെത്തുന്നതും. തുടര്‍ന്ന് ആ ഫോണിലേക്ക് വീട്ടുകാര്‍ വിളിച്ചപ്പോഴാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ബസ് കിട്ടാത്തതിനാല്‍ എത്താന്‍ വൈകുമെന്നു നേരത്തെ ജ്യോതി വീട്ടുകാരെ അറിയിച്ചിരുന്നു. രാത്രി പത്തായിട്ടും എത്താത്തതിനാലാണ് മാതാവ് ജ്യോതിയുടെ മൊബൈലിലേക്ക് വിളിച്ചപ്പോഴാണ് അപകടവിവരം അറിയുന്നത്.

മഹാറിഷി ദയാനന്ദ് യൂണിവേഴിസിറ്റിയില്‍ ചെന്ന് സര്‍ട്ടിഫിക്കറ്റിലെ പേരില്‍ വന്ന തെറ്റ് ശരിയാക്കണമെന്ന് പറഞ്ഞാണ് രാവിലെ 10 മണിക്ക് വീട്ടില്‍ നിന്ന് പോയത്. 2016 സൗത്ത് ഏഷ്യന്‍ ഗെയിംസടക്കം അഞ്ച് അന്താരാഷ്ട്ര മത്സരങ്ങളില്‍ ജ്യോതിഗുപ്ത ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. അടുത്ത ആഴ്ച മുതല്‍ ബാംഗ്ലൂരില്‍ വെച്ച് നടക്കുന്ന പരിശീലന ക്യാമ്പില്‍ പങ്കെടുക്കാന്‍ നില്‍ക്കവെയാണ് മരണം. എന്നാല്‍ ജ്യോതിയുടെ മരണം ആത്മഹത്യയാണെന്നത് വിശ്വസിക്കാനാകുന്നില്ലെന്ന് പിതാവ് പ്രമോദ് ഗുപ്ത പറയുന്നു.
