ദേശീയ രാഷ്ട്രീയത്തിലേക്ക് തിരികെ വരാന്‍ പരീക്ഷണങ്ങള്‍ ആരംഭിച്ച് കോണ്‍ഗ്രസ്; ആദ്യ ശ്രമങ്ങള്‍ ചത്തീസ്ഗഡിലും മധ്യപ്രദേശിലും

  • Post category:news
  • Reading time:2 mins read
You are currently viewing ദേശീയ രാഷ്ട്രീയത്തിലേക്ക് തിരികെ വരാന്‍  പരീക്ഷണങ്ങള്‍ ആരംഭിച്ച് കോണ്‍ഗ്രസ്; ആദ്യ ശ്രമങ്ങള്‍ ചത്തീസ്ഗഡിലും മധ്യപ്രദേശിലും

ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ദയനീയ പരാജയമാണ് വീണ്ടും കോണ്‍ഗ്രസിന് ഏറ്റുവാങ്ങേണ്ടി വന്നത്. തുടര്‍ന്ന് ദേശീയ അദ്ധ്യക്ഷനായ രാഹുല്‍ ഗാന്ധി സ്ഥാനം രാജിവെച്ചു. മാസങ്ങള്‍ക്ക് ശേഷം ഇടക്കാല അദ്ധ്യക്ഷായി സോണിയാ ഗാന്ധി എത്തി. സോണിയാ ഗാന്ധി എത്തിയതോടെ രാജ്യത്ത് വീണ്ടും തിരിച്ചു വരാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്.

അതിന്‍റെ ഭാഗമായാണ് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ ചത്തീസ്ഗഡിലും മധ്യപ്രദേശിലും എടുത്ത പുതിയ തീരുമാനങ്ങള്‍. ചത്തീസ്ഗഡില്‍ തൊഴില്‍ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും ഒ.ബി.സി വിഭാഗങ്ങള്‍ക്കുള്ള സംവരണം വര്‍ധിപ്പിച്ചു. 14 ശതമാനം സംവരണമുണ്ടായിരുന്നത് 27 ശതമാനമായാണ് വര്‍ധിപ്പിച്ചത്. പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള സംവരണം 12ല്‍ നിന്ന് 13 ശതമാനവും വര്‍ധിപ്പിച്ചു. സമാനമായ തരത്തില്‍ തന്നെയാണ് മധ്യപ്രദേശിലും വര്‍ധിപ്പിച്ചത്.

രാജ്യത്തെ ഒ.ബി.സി വിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനം വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണ് അധികാരമുള്ളയിടങ്ങളില്‍ കോണ്‍ഗ്രസ് സംവരണത്തില്‍ വര്‍ധന നടപ്പിലാക്കിയതെന്നാണ് വിലയിരുത്തുന്നത്.
ബ്രാഹ്മിണ്‍-മുസ്‌ലിം-ദളിത് എന്നീ വോട്ട് ബാങ്കുകളായിരുന്നു നേരത്തെ കോണ്‍ഗ്രസിനെ വിജയിപ്പിച്ചിരുന്നത്. ഇതില്‍ ബ്രാഹ്മിണ്‍ വോട്ടുകള്‍ ഏതാണ്ട് ബി.ജെ.പിയോടൊപ്പമായി കഴിഞ്ഞെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു. മറ്റ് വിഭാഗങ്ങളെ പാര്‍ട്ടിയിലേക്ക് വീണ്ടും ആകര്‍ഷിക്കുന്നതിന് വേണ്ടിയാണ് കോണ്‍ഗ്രസിന്‍റെ ഈ നടപടികള്‍.

പാര്‍ട്ടി സംഘടന അധികാര സംവിധാനത്തില്‍ പിന്നോക്കക്കാരായ നേതാക്കളുടെ എണ്ണം വളരെ കുറവാണ്. അതേ സമയം രാജ്യത്തെ വോട്ടര്‍മാരുടെ എണ്ണത്തില്‍ പകുതിയില്‍ കൂടുതല്‍ പിന്നോക്കക്കാരാണ്. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം 52 ശതമാനമാണ് പിന്നോക്ക വിഭാഗങ്ങളുടെ വോട്ട് ഷെയര്‍. ബി.ജെ.പി അവരുടെ പ്രസിദ്ധമായ സോഷ്യല്‍ എഞ്ചിനീയറിംഗ് പദ്ധതി പ്രകാരമാണ് ഈ അവസ്ഥയെ കൈകാര്യം ചെയ്യുന്നത്.

സംഘടന സംവിധാനത്തിലെ സവര്‍ണ്ണ വിഭാഗ മേധാവിത്വത്തെ നിലനിര്‍ത്തുന്നതിനോടൊപ്പം ഒ.ബി.സി വിഭാഗങ്ങളില്‍ നിന്നുള്ള നേതാക്കള്‍ക്ക് പ്രാധാന്യം നല്‍കുകയും ചെയ്യും. കല്യാണ്‍ സിങ്, ഉമാ ഭാരതി, ശിവരാജ് ചൗഹാന്‍, രഘുബീര്‍ ദാസ് എന്നിവരെ പോലെയുള്ള നേതാക്കളെ മുന്നില്‍ നിര്‍ത്തും. പക്ഷെ സവര്‍ണ്ണ വിഭാഗങ്ങളുടെ താല്‍പര്യം സംരക്ഷിക്കുകയും ചെയ്യും.

ഭൂപേഷ് ഭാഗെലിലൂടെയും കമല്‍നാഥിലൂടെയും കോണ്‍ഗ്രസ് ശ്രമിക്കുന്നത് ബി.ജെ.പിയ്ക്ക് ലഭിക്കുന്ന ഒ.ബി.സി വോട്ട് ബാങ്കില്‍ കടന്നുകയറാനാണ്. ഒ.ബി.സി വിഭാഗങ്ങള്‍ക്ക് വേണ്ടി ബി.ജെ.പി ഒന്നും ചെയ്യുന്നില്ലെന്ന് പറയാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. തങ്ങള്‍ പിന്നോക്കകാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്ന സൂചന നല്‍കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. അത് വെറുതെ പറഞ്ഞാല്‍ പോരെന്ന് മനസിലാക്കിയതിന്‍റെ ഭാഗമായി ഈ രണ്ട് സംസ്ഥാനങ്ങളിലും സംവരണം വര്‍ധിപ്പിച്ചത്. പിന്നോക്കകാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് തോന്നല്‍ ഉണ്ടാക്കാന്‍ ഈ പ്രവര്‍ത്തി സഹായിക്കും എന്നാണ് കോണ്‍ഗ്രസ് ഇപ്പോള്‍ കരുതുന്നത്.

0Shares