
മലപ്പുറം: മലപ്പുറത്ത് ദേശീയപാതാ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് ജനങ്ങളും പോലീസും തമ്മില്‍ സംഘര്‍ഷം ഉണ്ടായതിനെ തുടര്‍ന്ന് സ്ഥലം എം.എല്‍.എ കെ.എന്‍. എ ഖാദര്‍ മലപ്പുറം കലക്ട്രേറ്റിനു മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തുന്നു. നിലവിലെ അലൈന്മെന്റില് വിത്യാസം വരുത്തി ജനവാസ മേഖലയിലൂടെ പുതിയ അലൈന്മെന്റ് ഉണ്ടാക്കിയതാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്. സാധാരണ സ്ഥലം ഏറ്റെടുപ്പ് നടക്കുമ്പോള്‍ ഉണ്ടാകാറുള്ള പ്രതിഷേധത്തിനല്ല മലപ്പുറം എ ആര് നഗര്‍ സാക്ഷം വഹിച്ചത്.

നിലവിലെ ദേശീയ പാത വികസിപ്പിച്ചാല്‍ ക്ഷേത്രത്തിന്റെയും പള്ളിയുടെയും സ്ഥലം നഷ്ടമാകും എന്നതിനാല്‍ അത് ഒഴിവാക്കാനായി പുതിയ അലൈന്മെന്റ് ഉണ്ടാക്കുകയായിരുന്നു. പുതുക്കിയ പ്ലാനില്‍ പ്രദേശത്തെ ജനങ്ങളുടെ മുപ്പത്തിരണ്ട് വീടുകളും രണ്ട് കവലകളും ദേശീയപാതയ്ക്ക് വേണ്ടി നഷ്ടപ്പെടും. ഇക്കാര്യത്തില്‍ സമവായ ശ്രമം എന്നനിലയില്‍ ക്ഷേത്ര/ പള്ളി അധികാരികളുമായി സംസാരിക്കാന്‍ ഇരിക്കവേ, അതിനുള്ള സാവകാശം പോലും നല്‍കാതെയാണ് സ്ഥലം അളന്നു തിട്ടപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ എത്തിയത് എന്ന് എം.എല്‍.എ കെ എന്‍ എ ഖാദര്‍ പറയുന്നു.
സ്ഥലം അളക്കുന്നത് നിര്‍ത്തി വെക്കണം എന്നും ജനങ്ങള്‍ക്കെതിരെ അക്രമം നടത്തിയ പോലീസുകാര്‍ക്കെതിരെ നടപടിഎടുക്കണം എന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കുത്തിയിരുപ്പ് സമരം പ്രതീകാത്മകമായി നടത്തുന്നതാണെന്നും പതിനൊന്നാം തീയതി നടക്കാനുള്ള ചര്‍ച്ചയില്‍ അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ പ്രതിഷേധത്തിന്റെ മാര്‍ഗങ്ങളെ പറ്റി കൂടുതല്‍ ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ സംഘര്‍ഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ച് പ്രശ്നം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സര്‍വകക്ഷിയോഗം വിളിക്കാമെന്ന് മുഖ്യമന്ത്രി പറയുമ്പോഴും സര്‍വേ നടപടികളുമായി മുന്നോട്ടുപോകുന്നതിനെയാണ് പ്രദേശവാസികള്‍ എതിര്‍ക്കുന്നത്. എന്നാല്‍ സര്‍വേയുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ നല്കിയ നിര്‍ദേശമെന്ന് ഉദ്യോഗസ്ഥരും പറയുന്നു. കനത്ത പോലീസ് സുരക്ഷയാണ് പ്രദേശത്ത് ഇപ്പോഴുള്ളത്.
