
തിരുവനന്തപുരം: ദേശീയ തലത്തിൽ സി. പി. എം കോൺഗ്രസിന്‍റെ ബി ടീം ആണെന്നും കോൺഗ്രസും സി. പി. എമ്മും ലയിക്കണമെന്നും ബി. ജെ. പി ദേശീയ നിർവാഹക സമിതിയംഗം പി. കെ കൃഷ്ണദാസ്. ബംഗാളിൽ ഇരുവരും ഒറ്റപാർട്ടിയായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത് പോലും. ആ മാതൃക കോടിയേരി ബാലകൃഷ്ണനും എം. എം ഹസനും കേരളത്തിലും പിന്തുടരണം. രണ്ടു കൂട്ടരിൽ ആരു ഭരിച്ചാലും ഇരു പാർട്ടികളിലെയും നേതാക്കൻമാരുടെ ആഗ്രഹം നിറവേറ്റപ്പെടുന്നുണ്ട്. അധികാരം പങ്കിട്ടെടുക്കാൻ മാത്രമാണ് കേരളത്തിൽ രണ്ടു പാർട്ടികളും വേറിട്ട് നിൽക്കുന്നത്.

സി. പി. ഐ. എം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരിയും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധിയും ഏകോദര സഹോദരൻമാരെപ്പോലെയാണെന്നും ആശയതലത്തിൽ എന്ത് വ്യത്യാസമാണ് സി. പി. എമ്മും കോൺഗ്രസും തമ്മിലുള്ളതെന്ന് ഇവര്‍ വ്യക്തമാക്കണം. പി. കെ കൃഷ്ണദാസ് പറഞ്ഞു. ബി. ജെ. പി വിരുദ്ധത മറയാക്കി രണ്ടു പാർട്ടികളും നടത്തുന്ന കൂട്ടു കച്ചവടം കേരളത്തിൽ ഇനി വിലപ്പോവില്ല. അണികളെ പറ്റിക്കുന്ന ഏര്‍പ്പാട് അവസാനിപ്പിച്ച് രണ്ടു കൂട്ടരും ഒന്നായി പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
